ധാക്ക: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 184 റണ്‍സിനും ജയിച്ച് ബംഗ്ലാദേശിന് പരമ്പര. ആദ്യമായാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് മാര്‍ജിനില്‍ വിജയിക്കുന്നത്. ഒന്നാം ഇന്നിംഗ്സിലെ വീഴ്‌ച്ച രണ്ടാം ഇന്നിംഗ്സിലും ആവര്‍ത്തിച്ചായിരുന്നു വിന്‍ഡീസ് തോറ്റത്. ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്‍റെ 508 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് വെറും 111 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്ത കരീബിയന്‍ ടീമിന് രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സ് മാത്രമാണ് എടുക്കാനായത്.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മെഹദി ഹസനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ തൈജുല്‍ ഇസ്ലാമുമാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. എന്നാല്‍ 92 പന്തില്‍ ഒമ്പത് സിക്‌സുകളടക്കം 93 റണ്‍സടിച്ച ഹെറ്റ്‌മെയറുടെ പ്രകടനം വിന്‍ഡീസ് തകര്‍ച്ചക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. പുറത്താകാതെ 37 റണ്‍സെടുത്ത വാലറ്റക്കാരന്‍ കെമര്‍ റോച്ചാണ് മറ്റൊരു ഉയര്‍ന്ന സ്‌കോറിനുടമ. ഹോപ്(25), ബിഷൂ(12), ലെവിസ്(20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. 

രണ്ടിന്നിംഗ്സുകളിലുമായി 12 വിക്കറ്റ് വീഴ്‌ത്തിയ മെഹിദി ഹസനാണ് കളിയിലെ താരം. ഷാക്കിബ് അല്‍ ഹസനാണ് പരമ്പരയിലെ താരം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശ് 64 റണ്‍സിന് വിജയിച്ചിരുന്നു.