ലണ്ടന്‍: നാറ്റ്‌വെസ്റ്റ് ട്വന്റി-20 ബ്ലാസ്റ്റ് പോരാട്ടത്തില്‍ ആറു പന്തില്‍ ആറു സിക്സറടിച്ച് വോഴ്സെറ്റഷെയര്‍ ബാറ്റ്സ്മാന്‍ റോസ് വൈറ്റ്‌ലി ചരിത്ര നേട്ടത്തിനൊപ്പമെത്തിയിട്ടും യോര്‍ക്‌ഷെയറിനു മുമ്പില്‍ ടീം അടിയറവ് പറഞ്ഞു. യോര്‍ക്‌ഷെയറിന്റെ ഇടംകൈയന്‍ സ്പിന്നര്‍ കാള്‍ കാര്‍വറിനെതിരെയായിരുന്നു വൈറ്റ്‌ലിയുടെ റെക്കോര്‍ഡ് പ്രകടനം. കാള്‍വര്‍ എറിഞ്ഞ പതിനാറാം ഓവറിലെ ആറ് പന്തും വൈറ്റ്‌ലി സിക്സറിന് പറത്തി.

എന്നാല്‍ 26 പന്തില്‍ 65 റണ്‍സെടുത്ത വൈറ്റ്‌ലിയുടെ പോരാട്ടത്തിനും വോഴ്സെറ്റഷെയറിന് വിജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്‌ഷെയര്‍ ഡേവിഡ് വില്ലിയുടെ(118) സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ വോഴ്സെറ്റഷെയറിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍  196 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ വോഴ്സെറ്റഷെയര്‍ ബൗളര്‍ ജേണ്‍ ഹേസ്റ്റിംഗിനെ ഡേവിഡ് വില്ലി ഓരോവറില്‍ 34 റണ്‍സ് അടിച്ചെടുത്തിരുന്നു. അവസാന അഞ്ചോവറില്‍ ജയിക്കാന്‍ 97 റണ്‍സ് വേണ്ടപ്പോഴാണ് റോസ് വൈറ്റ്‌ലി വോഴ്സെറ്റഷെയറിനായി ആറു പന്തില്‍ ആറ് സിക്സറടിച്ചത്. എന്നാല്‍ വൈറ്റ്‌ലി പുറത്തായതോടെ വോഴ്സെറ്റഷെയര്‍ തോല്‍വിയിലേക്ക് വീണു.

1967ല്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ഗാരി സോബേഴ്സ് ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായി ആറ് പന്തില്‍ ആറ് സിക്സറടിച്ചത്. പിന്നീട് 1985ല്‍ രഞ്ജി ട്രോഫിയില്‍ ഇന്ത്യയുടെ രവി ശാസ്ത്രിയും ഈ നേട്ടം ആവര്‍ത്തിച്ചു. ഹെര്‍ഷല്‍ ഗിബ്സ് ഏകദിനത്തിലും യുവരാജ് സിംഗ് ട്വന്റി-20യിലും ഇതേ നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.