ഗ്ലാസ്കോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു മെഡല്‍ ഉറപ്പിച്ച് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍,ആറാം സീഡായ ചൈനീസ് താരം സുന്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്കോര്‍ 21-14, 21-9.

ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു. നേരത്തെ 2013ലും 2014ലും സിന്ധു വെങ്കലം നേടിയിരുന്നു. ഗ്ലാസ്ഗോ ചാംപ്യന്‍ഷിപ്പില്‍ നാലാം സീഡാണ് സിന്ധു.

ഇന്നലെ രാത്രി ക്വാര്‍ട്ടറില്‍ മത്സരം സ്വന്തമാക്കി ഇന്ത്യയുടെ സൈന നെഹ്‍വാളും സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ സൈനയും മെഡല്‍ ഉറപ്പിച്ചു. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങുമോ എന്നാണ് ഏവരും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോ ആണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്.

48 മിനിറ്റുനീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് അടിയറവപറഞ്ഞത്. സ്കോര്‍ 14-21, 18-21. ഇതോടെ 13 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ശ്രീകാന്തിന്റെ ജൈത്രയാത്രയും അവസാനിച്ചു.