ദില്ലി: ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിന് ഇന്ത്യയില്‍ റെക്കോര്‍ഡ് ടിവി റേറ്റിംഗ്. ലോര്‍ഡ്‌സില്‍ ജൂലൈ 23ന് നടന്ന ഫൈനല്‍ മത്സരം ഇന്ത്യയില്‍ 19.53 മില്യണ്‍ പ്രേക്ഷകരാണ് കണ്ടത്. ഇന്ത്യയില്‍ വനിതകളുടെ കായിക മത്സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ടെലിവിഷന്‍ റേറ്റിംഗ് ആണിത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 

നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമീണ മേഖലയിലുള്ളവരാണ് കൂടുതലും ടെലിവിഷനില്‍ കളി കണ്ടത്. ഗ്രാമീണ മേഖലയില്‍ 99.6 ലക്ഷം പേര്‍ കളികണ്ടു. അതേസമയം നഗരങ്ങളില്‍ ഇത് 95.71 ലക്ഷമാണ്. 2005ലാണ് ആദ്യമായി ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുന്നത്. 

അന്ന് വനിതാ ലോകകപ്പിന്റെ ഫൈനല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പോലും അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ടെലിവിഷന്‍ റേറ്റിംഗില്‍ ഉണ്ടായ മാറ്റം വനിതാ ക്രിക്കറ്റിന് ശുഭകരമാാണ്.