ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ ഉജ്ജ്വല പ്രകടനത്തിന് കൂടി ചെറുതല്ലാത്ത പങ്കുണ്ട്. ഡിആര്‍എസിന് പോവുമ്പോള്‍ ശരിയായ വിവരം ക്യാപ്റ്റന് നല്‍കാത്തതിന്റെ പേരില്‍ വിക്കറ്റിന് പിന്നില്‍ വിമര്‍ശനങ്ങള്‍ കേട്ട സാഹ ഇന്ന് ഏവരെയും അമ്പരപ്പിക്കുന്ന ക്യാച്ചിലൂടെയാണ് അതിന് മറുപടി പറഞ്ഞത്. ആ ക്യാച്ച് ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.
മത്സരത്തിന്റെ 28-ാം ഓവറിലായിരുന്നു സാഹയുടെ നിര്‍ണായക ക്യാച്ച് പിറന്നത്. ഓസ്ട്രേലിയയുടെ അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ മാത്യു വെയ്ഡും ഹാന്‍ഡ്സ്കോംബുമായിരുന്നു അപ്പോള്‍ ക്രീസില്‍. മിച്ചല്‍ മാര്‍ഷ് പുറത്തായശേഷം ക്രീസിലെത്തിയ മാത്യു വെയ്ഡ് അശ്വിന്‍ എറിഞ്ഞ ഓവറിലെ നാലം പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ബാറ്റിലും പാഡിലും തട്ടി ഉയര്‍ന്ന പന്ത് പിടിക്കാന്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡര്‍മാരുണ്ടായിരുന്നില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പറന്നുവന്ന സാഹ ക്യാച്ച് കൈയിലൊതുക്കി ആരാധകരെ ഞെട്ടിച്ചു. ഈ ക്യാച്ച് ആണ് ഓസീസ് തോല്‍വി ഉറപ്പിച്ചത്.
ALSO READ: രാഹുലിനെ പറന്നുപിടിച്ച് സ്മിത്ത്
പിന്നീട് വാലറ്റക്കാരനായ മിച്ചല്‍ സ്റ്റാര്‍ക്കിനെ ആയിരുന്നു ഇന്ത്യ ഭയന്നിരുന്നത്. സ്റ്റാര്‍ക്കിന്റെ നാലടിയില്‍ കളി കൈയില്‍ നിന്നുപോവുമായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്കിനെ ബൗള്‍ഡാക്കി അശ്വിന്‍ തന്നെ ആ വഴിയും അടച്ചു. മൂന്നാം ദിനം ഇന്ത്യയുടെ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഓസീസ് നായകന്‍ സ്ലിപ്പില്‍ പറന്നുപിടിച്ച ക്യാച്ചും വാര്‍ത്തയായിരുന്നു. ആദ്യ ടെസ്റ്റിലും സാഹ വിക്കറ്റിന് പിന്നില്‍ പറക്കും ക്യാച്ച് എടുത്തിരുന്നു.
