ഇതിഹാസതാരം മറഡോണയ്ക്ക് മറുപടിയുമായി മുന്‍ ബാഴ്‌സലോണ- സ്പാനിഷ് താരം സാവി. മെസി നല്ലൊരു ക്യാപ്റ്റനല്ലെന്നും ദേശീയ ടീമിലേക്ക് ഇനി തിരിച്ചുവരരുതെന്നും മറഡോണ വിമര്‍ശിച്ചിരുന്നു.

ബാഴ്‌സലോണ: ഇതിഹാസതാരം മറഡോണയ്ക്ക് മറുപടിയുമായി മുന്‍ ബാഴ്‌സലോണ- സ്പാനിഷ് താരം സാവി. മെസി നല്ലൊരു ക്യാപ്റ്റനല്ലെന്നും ദേശീയ ടീമിലേക്ക് ഇനി തിരിച്ചുവരരുതെന്നും മറഡോണ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ ശരിയായില്ലെന്നും അനവസരത്തിലായെന്നും സാവി പ്രതികരിച്ചു. 

സാവി തുടര്‍ന്നു... മറഡോണയോട് വിയോജിപ്പുണ്ട്. മെസിയും ഞാനും പത്ത് വര്‍ഷത്തോളം ഒരുമിച്ച് കളിച്ചിട്ടുണ്ട്. മെസിയെ എനിക്കറിയാം. അയാള്‍ അധികം സംസാരിക്കില്ലായിരിക്കും. എങ്കിലും ഒരു മികച്ച ക്യാപ്റ്റനാണ് മെസി. മറഡോണയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ കഴിയുന്നതെന്ന എനിക്ക് മനസിലാവുന്നില്ലെന്നും സാവി കൂട്ടിച്ചേര്‍ത്തു. 

ഇപ്പോള്‍ മെസ്സിക്ക് ആവശ്യം ചിന്തിക്കാന്‍ കുറച്ച് സമയവും വിശ്രമവും ആണ്. അത് കഴിഞ്ഞ് മെസ്സി അര്‍ജന്റീന ടീമിലേക്ക് തിരികെയെത്തും. ദേശീയ ടീമിനൊപ്പം മെസിക്ക് ഇനിയും കിരീടങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നും സാവി കൂട്ടിച്ചേര്‍ത്തു.