ധര്‍മശാല: ക്യാപ്റ്റന്‍ വിരാട് കോലിയില്ലെങ്കിലും ഇന്ത്യാ-ഓസ്ട്രേലിയ നാലാം ടെസ്റ്റിലും ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള വാക്പോരിന് കുറവില്ല. ക്യാപ്റ്റന്‍ കരാട്ടെ ബ്ലാക് ബെല്‍റ്റാണെങ്കിലും അജിങ്ക്യാ രഹാനെ ശാന്തസ്വഭാവിയാണ്.എന്നാല്‍ ടീമിലെ മറ്റു ചിലര്‍ അങ്ങനെയല്ല. രവീന്ദ്ര ജഡേജയുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ താരങ്ങള്‍പോലും അദ്ദേഹത്തെ സര്‍ ജഡേജയെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന് കഴിയാത്തതായി ഒരു കാര്യവുമില്ലെന്ന ട്രോളുകളും ടീം അംഗങ്ങള്‍ ഇറക്കാറുണ്ട്. അങ്ങനെയുള്ള ജഡേജയോട് മുട്ടാനെത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് കിട്ടിയത് നല്ല ഉശിരന്‍ മറുപടിയായിരുന്നു.
മൂന്നാം ദിനം സാഹയ്ക്കൊപ്പം ജഡേജ ബാറ്റിംഗിനെത്തിയപ്പോഴാണ് വെയ്ഡും വാക്കുകള്‍കൊണ്ട് ജഡേജയെ തളര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നോളു, ഞാന്‍ അടിച്ചുകൊണ്ടിരുന്നോളാം എന്നു പറഞ്ഞ് ജഡേജ ഓസീസിനെ അടിച്ചുപരത്തി. അതിവേഗക്കാരനായ കമിന്‍സിനെ സിക്സറിനും ബൗണ്ടറിക്കും പറത്തി ജഡേജ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാവുകയും ചെയ്തു. വാക്പോര് മൂത്തതോടെ അമ്പയര്‍ ഇടപെട്ടു. വെയ്ഡ് തുടങ്ങിവെച്ചാല്‍ അതിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് ജഡേജ അമ്പയറോടും പറഞ്ഞു. ഒടുവില്‍ അമ്പയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
മൂന്നാം ദിനത്തെ കളിക്കുശേഷം ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പപോഴും ജഡേജയുടെ മറുപടി രസകരമായിരുന്നു. നിങ്ങള്‍ കളി തോറ്റശേഷം നമുക്കൊരുമിച്ചിരുന്ന് അത്താഴം കഴിക്കാമെന്നാണ് വെയ്ഡിനോട് പറഞ്ഞതെന്നായിരുന്നു ജഡേജയുടെ തമാശകലര്‍ന്ന മറുപടി.
