ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ യുവ ഓള്‍ റൗണ്ടര്‍ ദീപക് ചാഹറിനെ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇന്ത്യ. പാണ്ഡ്യയുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ചാഹറിനെ ഔദ്യോഗികമായി ടീമില്‍ ഉള്‍പ്പെടുത്തും.

പാക്കിസ്ഥാനെതിരെ നടുവിന് പരിക്കേറ്റ പാണ്ഡ്യയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്ത് എത്തിച്ചത്. എന്നാല്‍ പാണ്ഡ്യക്ക് എഴുന്നേറ്റ് നില്‍ക്കാനാവുന്നുണ്ടെന്നും പാണ്ഡ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നുമാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പറയുന്നത്. പാണ്ഡ്യ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ വ്യക്തത വരൂ.

ബൗളിംഗ് റണ്ണെടുപ്പ് എടുക്കവെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണ പാണ്ഡ്യക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പരിക്ക് ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും പുറം വേദനയാണെന്ന് പിന്നീട് വിശദീകരണമുണ്ടായി. പാണ്ഡ്യ തുടര്‍ന്ന് കളിക്കുന്നില്ലെങ്കില്‍ അത് ടീമിന്റെ ബാലന്‍സിനെ ബാധിക്കും.

നിലവില്‍ ടീമില്‍ പാണ്ഡ്യയല്ലാതെ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറില്ല. ദീപക് ചാഹര്‍ പാണ്ഡ്യയെപ്പോലെ ഓള്‍ റഔണ്ടറല്ലെങ്കിലും അത്യാവശ്യം ബാറ്റ് ചെയ്യാനറിയാവുന്ന പേസ് ബൗളറാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.