പൂനെ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പോരാത്ത ധോണിയുടെ പൂനെ ഇന്നലെ വീണ്ടും തോറ്റു. അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന പൂനെയെ ആശിഷ് നെഹ്‌റയാണ് പിടിച്ചുകെട്ടിയത്. ആദ്യ രണ്ടു പന്തില്‍ രണ്ടു സിംഗിള്‍സ് മാത്രം വഴങ്ങിയ നെഹ്റ മൂന്നാം പന്തില്‍ തിസാര പെരേരയെ വീഴ്‌ത്തി. നാലാം പന്ത് സിക്സറിന് പറത്തി ധോണി വീണ്ടും വിജയപ്രതീക്ഷ പകര്‍ന്നെങ്കിലും അഞ്ചാം പന്തില്‍ റണ്ണൗട്ടായി.
ഷോര്‍ട്ട് ബോളില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക്. ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടിയ ധോണിയെ റണ്ണൗട്ടാക്കാനായി ബാക്‌വേര്‍ഡ് പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന യുവരാജ് സിംഗ് സ്റ്റമ്പിനടുത്തേക്ക് പറന്നെത്തി. ബരീന്ദര്‍ സ്രാനിന്റെ ത്രോ കൈയിലെത്തിയ നിമിഷം യുവി വല്ലാത്തൊരു ആവേശത്തോടെ സ്റ്റമ്പിളക്കി. ധോണി റണ്ണൗട്ടായതോടെ പൂനെയുടെ വിജയപ്രതീക്ഷയും അസ്തമിച്ചു. അവസാന പന്തില്‍ ആദം സാംപയെയും വീഴ്ത്തി നെഹ്‌റ പൂനെയുടെ പതനം പൂര്‍ത്തിയാക്കി.
ധോണിയെ റണ്ണൗട്ടാക്കിയശേഷം യുവരാജ് നടത്തിയ ആവേശപ്രകടനത്തിന് ഇരുവരും തമ്മിലുള്ള പഴയ ശീതസമരവുമായി ബന്ധമൊന്നുമില്ലെങ്കിലും ആരാധകരെ പലതും ഓര്‍മപ്പെടുത്തുന്നതായി യുവി നടത്തിയ ആ ഓട്ടം.
