അര്‍ബുദത്തെ തോല്‍പിച്ച താന്‍ തോറ്റതിവിടെ; യുവിയുടെ വെളിപ്പെടുത്തല്‍

First Published 28, Feb 2018, 7:12 PM IST
yuvraj singh about his career
Highlights
  • കരിയറിലെ വലിയ പ്രതിസന്ധി വെളിപ്പെടുത്തി യുവരാജ് സിംഗ്

മൊഹാലി: ഓള്‍റൗണ്ട് മികവിലൂടെ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന സൂപ്പര്‍ താരമാണ് യുവരാജ് സിംഗ്. എന്നാല്‍ കരിയറില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന സമയത്ത് യുവി അര്‍ബുദത്തിന്‍റെ പിടിയിലായി. അതോടെ യുവിയുടെ കരിയറിന് അന്ത്യമാകുമെന്ന് പലരും വിലയിരുത്തി. എന്നാല്‍ കൂടുതല്‍ കരുത്തോടെ ക്രീസില്‍ തിരിച്ചെത്തി യുവരാജ് ഏവരെയും ഞെട്ടിച്ചു. 

തിരിച്ചുവരവില്‍ ക്രിക്കറ്റ് വിദഗ്ധരെ പോലും അതിശയിപ്പിച്ച യുവിക്ക് അര്‍ബുദമായിരുന്നില്ല കരിയറില്‍ നേരിട്ട വലിയ പ്രതിസന്ധി. ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും യുവിക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരമാകാന്‍ കഴിഞ്ഞില്ല. ഇതാണ് കരിയറില്‍ തന്നെ കൂടുതല്‍ വലച്ച സംഭവമെന്ന് യുവി പറയുന്നു. 304 ഏകദിനങ്ങള്‍ കളിച്ച താരത്തിന് 40 തവണ മാത്രമാണ് ടെസ്റ്റ് ജഴ്സിയണിയാന്‍ ഭാഗ്യം ലഭിച്ചത്. 

സൂപ്പര്‍താരങ്ങള്‍ അരങ്ങുവാണിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സജീവ സാന്നിധ്യമാകുക തനിക്ക് അത്രയെളുപ്പം കഴിയുന്നതല്ലായിരുന്നെന്ന് യുവി പറയുന്നു. അതേസമയം ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്ത് അര്‍ബുദത്തിന്‍റെ പിടിയിലാവുകയും ചെയ്തു. അതോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ പ്രതീക്ഷകള്‍ ഭാഗികമായി നഷ്ടപ്പെട്ടതെന്ന് യുവരാജ് പറയുന്നു. 

ക്രിക്കറ്റില്‍ മടങ്ങിയെത്തിയ യുവിക്ക് ഏകദിന ടീമില്‍ സ്ഥിരത പുലര്‍ത്താനായിരുന്നില്ല. അതോടെ ടെസ്റ്റ് പ്രതീക്ഷകള്‍ ഇല്ലാതായി പതുക്കെ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമായി യുവി  ചുരുങ്ങുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് യുവി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി യുവരാജ് ഇന്ത്യക്കായി കളിച്ചത്.
 

loader