ദില്ലി: ദീപാവലി ദിനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കരുതെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചെത്തിയ ക്രിക്കറ്റ് താരം യുവരാജ് സിങ് വടി കൊടുത്ത് വലിയ അടി വാങ്ങി കൂട്ടുകയാണ്. പടക്കം പൊട്ടിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്നാണ് വീഡിയോയിലൂടെ യുവി പറഞ്ഞത്. എന്നാല്‍ പിന്നാലെ നല്ല പണികിട്ടി. യുവിയുടെയും ഹസല്‍ കീച്ചിന്റെയും വിവാഹചിത്രം തെളിവുകളോടെ പോസ്റ്റ് ചെയ്താണ് ആരാധകര്‍ പണി കൊടുത്തത്.

വിവാഹ ദിവസം പൂത്തിരികള്‍ക്കു നടുവിലൂടെ നടന്നു വരുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ദീപാവലിക്ക് പൊട്ടിക്കാത്ത പടക്കം താങ്കളുടെ വിവാഹത്തിന് പൊട്ടിക്കുമ്പോള്‍ മലിനീകരണമില്ലേയെന്നാണ് ആരാധകരുടെ ചോദ്യം. ഇതിന് മറുപടി നല്‍കാന്‍ യുവരാജിനായിട്ടില്ല. ദില്ലിയില്‍ ദീപാവലിയുടെ ഭാഗമായുള്ള പടക്ക വില്‍പ്പന നവംബര്‍ 1 വരെ നിരോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്തുണയുമായി സേവാഗുള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.