ദില്ലി: യുവരാജിന്‍റെ കുടുംബത്തിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്ത് സഹോദര ഭാര്യ. യുവരാജിന്‍റെ സഹോദരന്‍ അകന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം. അതുവരെ പ്രതികരിക്കാന്‍ ഇല്ലെന്നാണ് മോഡലും ബിഗ്ബോസ് 10 മത്സരാര്‍ത്ഥിയുമായ ഇവര്‍ പറയുന്നത്.

യുവരാജിന്‍റെ സഹോദരന്‍ സോറാവീര്‍ സിംഗ്, അമ്മ ഷബ്നം സിംഗ്, യുവരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അകന്‍ക്ഷയുടെ വക്കീല്‍ സ്വാതി സിംഗ് മാലിക്ക് ഇത്തരം ഒരു പരാതി സ്ഥിരീകരിക്കുന്നുണ്ട്. 

അതേ സമയം യുവരാജിന്‍റെ മാതാവ് ചില ആഭാരണങ്ങളും, സാധനങ്ങളും അകന്‍ക്ഷ തിരിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. യുവരാജ് എങ്ങനെ അകന്‍ക്ഷയുടെ പരാതിയില്‍ എത്തി എന്ന ചോദ്യത്തിന് അകന്‍ക്ഷയുടെ വക്കീലിന്‍റെ മറുപടി ഇതായിരുന്നു.

ഗാര്‍ഹിക പീഡനം എന്നത് ശാരീരികമായ പീഡനമാണെന്ന് അര്‍ത്ഥമില്ല. അത് മാനസികമായതോ, സാമ്പത്തികമായതോ ആയ ചൂഷണമാകാം. അതിനാല്‍ യുവരാജിനും ഇതില്‍ പങ്കുണ്ട്. സോറാവീറും, ഷബ്നവും നടത്തിയ പീഡനങ്ങളില്‍ മൗന പങ്കാളിയാണ് യുവരാജ് എന്ന് അകന്‍ക്ഷയുടെ വക്കീല്‍ ആരോപിക്കുന്നു. 

കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്ന അകന്‍ക്ഷയെ അതിന്‍റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ യുവരാജും മാതാവും ശ്രമിച്ചെന്നും പരാതിയിലുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട സ്പോട്ടി ബോയ് എന്ന സൈറ്റിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.