പ്രണയമാകുമ്പോള്‍ സൗന്ദര്യപിണക്കം പതിവാണല്ലോ. അത് സെലിബ്രിറ്റികളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഏറ്റവും ചൂടന്‍ വിഷയമായ വിരാട് കോലി-അനുഷ്‌ക ശര്‍മ്മ പ്രണയത്തിലും സൗന്ദര്യപിണക്കം സാധാരണമാണ്. അനുഷ്‌കയുമായി പ്രശ്‌നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നതും കോലി തന്നെയാണ്. ഇക്കാര്യത്തില്‍ ഉപദേശം തേടാന്‍ കോലി സമീപിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ടിവി ഷോയിലാണ് ഇക്കാര്യം കോലി വെളിപ്പെടുത്തിയത്. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനാണ് ഇക്കാര്യത്തില്‍ കോലിയുടെ വഴികാട്ടി. നാലുവര്‍ഷമായുള്ള പ്രണയബന്ധത്തിനിടെ പലതവണ ഇരുവരും പിണങ്ങി. ചില പിണക്കങ്ങള്‍ മാസങ്ങള്‍ നീണ്ടു. എന്നാല്‍ എല്ലാ പിണക്കങ്ങളും പരിഹരിച്ചു, പ്രണയം ഉഷാറാക്കാന്‍ കോലിയെ സഹായിച്ചത് സഹീര്‍ഖാനാണ്. അനുഷ്‌കയുമൊത്തുള്ള പ്രണയത്തെക്കുറിച്ച് താന്‍ ആദ്യം പറഞ്ഞതും സഹീറിനോടാണെന്ന് കോലി പറയുന്നു. ഒരു കാര്യവും അനുഷ്‌കയില്‍നിന്ന് മറച്ചുവെക്കരുതെന്നും, എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നുമായിരുന്നു സഹീറിന്റെ ആദ്യ ഉപദേശമെന്നും കോലി പറയുന്നു.