മുംബൈ: സഹീര്‍ ഖാനെയും രാഹുല്‍ ദ്രാവിഡിനെയും വിദേശപര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്‌ടാക്കളായാണ് നിയമിച്ചിരിക്കുന്നതെന്ന് ബിസിസിഐ. രവി ശാസ്‌ത്രിയുമായി കൂടിയാലോചിച്ചാണ് ഇരുവരെയും നിര്‍ദേശിച്ചതെന്ന് ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളും വ്യക്തമാക്കി. സഹീര്‍ ഖാന് പകരം ഭരത് അരുണിനെ മുഴുവന്‍ സമയ ബൗളിംഗ് കോച്ചായി നിയമിക്കണമെന്ന് രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐയുടെ വിശദീകരണം.
രാഹുല്‍ ദ്രാവിഡിനെയും സഹീര്‍ ഖാനെയും വിദേശ പര്യടനങ്ങള്‍ക്കുള്ള ഉപദേഷ്‌ടാക്കളായാണ് നിയമിച്ചിരിക്കുന്നത്. ഇരുവരുടെയും നിയമനത്തെക്കുറിച്ച് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖത്തിനിടെ ശാസ്‌ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി. രവി ശാസ്‌ത്രി ക്യാപ്റ്റന്‍ വിരാട് കോലി സഖ്യം ടീമില്‍ സര്‍വാധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് സൂചന.
ശാസ്‌ത്രി കോച്ചാവുന്നതില്‍ ഗാംഗുലിക്കും എതിര്‍പ്പുണ്ടായിരുന്നു.കോലിയുടെയും സച്ചിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ശാസ്‌ത്രി കോച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേസമയം, ശാസ്‌ത്രി കോച്ചായി നിയമിക്കപ്പെടുമെന്ന് ഉറപ്പായിരുന്നതിനാല്‍ അഭിമുഖം എന്ന നാടകം വേണ്ടിയിരുന്നില്ലെന്നും ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്ന് ഇതിനേക്കാള്‍ നല്ലൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നുവെന്നും മുന്‍താരം എരപ്പള്ളി പ്രസന്ന പറഞ്ഞു. അടുത്തയാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ് ശാസ്‌ത്രിയുടെ കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര.
