ഫ്രാന്‍സിന്റെ പരിശീലകനാവുന്നകാര്യത്തില്‍ സിനദീന്‍ സിദാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലീ ഗ്രേറ്റ്
പാരീസ്: ഫ്രാന്‍സിന്റെ പരിശീലകനാവുന്നകാര്യത്തില്‍ സിനദീന്‍ സിദാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലീ ഗ്രേറ്റ്. ഫ്രാന്‍സിന്റെ പരിശീലകലനാവായാണ് സിദാന്‍ റയല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്സുമായി ഫെഡറേഷന്‍ 2020വരെ കരാറുണ്ട്. 2020ലെ യൂറോ കപ്പുവരെ ദെഷാംപ്സ് തന്നെയായിരിക്കും ഫ്രാന്‍സിന്റെ പരിശീലകനെന്നും നോയല്‍ ലീ ഗ്രേറ്റ് പറഞ്ഞു. ദെഷാംപ്സ് സ്വയം ഒഴിഞ്ഞാല്‍ സിദാനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അതിന് അദ്ദേഹം ഇതുവരെ താല്‍പര്യം പോലും അറിയിച്ചിട്ടില്ലല്ലോ എന്നായിരുന്നു നോയല്‍ ലീ ഗ്രേറ്റിന്റെ മറുപടി. ദെഷാംപ്സ് കാലാവധിക്ക് മുമ്പ് സ്ഥാനമൊഴിയുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഗ്രേറ്റ് വ്യക്തമാക്കി.
റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലേക്ക് നയിച്ചശേഷമായിരുന്നു സിദാന്‍ അപ്രതീക്ഷിതമായി പരിശീലക സ്ഥാനം രാജിവെച്ചത്. ലോകകപ്പില്‍ ഫ്രാന്‍സിന്റെ പ്രകടനം മോശമായാല്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകസ്ഥാനത്തെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്തതോടെ ദെഷാംപ്സ് തന്നെ തുടരട്ടെയെന്നാണ് ഫെഡറേഷന്റെ നിലപാട്.
