ലോകകപ്പിനിടയാണ് റൊണാള്‍ഡോ യുവന്‍റസിലേക്ക് മാറിയത്

ടൂറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയതിന് പിന്നാലെ റയലിന്‍റെ ഹൃദയം മുറിക്കുന്ന മറ്റൊരു വാര്‍ത്തയും ഇറ്റലിയില്‍ നിന്ന് പുറത്ത്. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ യുവന്‍റസ് ക്ലബ്ബിലേക്ക് മാറുന്നതായാണ് സൂചന. യുവന്‍റസിന്‍റെ സ്പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ സിദാന്‍ സമ്മതിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിട്ട് യുവന്‍റസില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കം. കഴിഞ്ഞ സീസണിന് ശേഷം അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാന്‍ പുതിയ ചുമതലകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. 1996നും 2001നും ഇടയിൽ യുവന്‍റസിനായി 151 മത്സരങ്ങള്‍ കളിച്ച സിദാന്‍ ഇറ്റാലിയന്‍ ലീഗിൽ നിന്നാണ് റയലിലേക്ക് മാറിയത്.

പിന്നീട് റയലിന്‍റെ ഇതിഹാസ താരമായി മാറുകയായിരുന്നു. പരിശീലകരെ മാറ്റി മാറ്റി നിയോഗിച്ച് റയല്‍ മടുത്തപ്പോഴാണ് സിദാന്‍ ആ സ്ഥാനത്ത് എത്തുന്നത്. ടീമിനൊപ്പം ആരാധകര്‍ക്കും ഏറെ പ്രീയപ്പെട്ട തീരുമാനമായിരുന്നു അത്. സിദാന്‍ വന്നതോടെ റയല്‍ ടീം അടിമുടി മാറി. ത്രസിപ്പിക്കുന്ന ചടുതലയൊന്നും ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തോടെ ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കൂടാതെ, സൂപ്പര്‍താരങ്ങളുടെ വലിയ കൂട്ടമായ റയലില്‍ കളിക്കാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിലും സിദാന്‍റെ നടപടികള്‍ വിജയിച്ചു. എന്നാല്‍, തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അതിനാടകീയമാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്. ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണള്‍ഡോയ യുവന്‍റസിലേക്ക് മാറുകയും ചെയ്തു. ഇതുവരെ റോണോയുടെ പകരക്കാരനെ കണ്ടെത്താന്‍ ടീമിന് സാധിച്ചിട്ടില്ല.