'തന്നില്‍ വിശ്വാസമില്ല'; സിദാനെതിരെ ആഞ്ഞടിച്ച് ഇസ്‌കോ

First Published 28, Mar 2018, 7:41 PM IST
zinedine zidane has no faith in me says isco
Highlights
  • ഇസ്കോയുടെ പ്രതികരണം ഹാട്രിക് നേടി സ്പെയിനിനെ വിജയിപ്പിച്ചതിന് പിന്നാലെ

മാഡ്രിഡ്: അര്‍ജന്‍റീനയെ 6-1ന് സ്‌പെയിന്‍ പരാജയപ്പെടുത്തിയപ്പോള്‍ ഹീറോയായത് ഹാട്രിക് നേടിയ ഇസ്‌കോയാണ്. 27, 52, 74 മിനുറ്റുകളിലായിരുന്നു ഇസ്‌കോയുടെ ഗോളുകള്‍. ഹാട്രിക് നേടിയതിന് പിന്നാലെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇസ്‌കോ. 

സിദാന് തന്നില്‍ വിശ്വാസമില്ലെന്ന് ഇസ്കോ പറയുന്നു. റയലില്‍ കൂടുതല്‍ സമയവും പകരക്കാരുടെ ബഞ്ചിലാണ് സ്ഥാനം എന്നതാണ് ഇസ്കോ ഇതിന് പറയുന്ന കാരണം. എന്നാല്‍ സ്‌പെയിനില്‍ പരിശീലകന്‍ ജൂലെന്‍ ലോപെട്ടെഗി തനിക്ക് ആത്മവിശ്വാസം പകരുന്നു എന്നാണ് 25കാരനായ റയല്‍ മാഡ്രിഡ് താരം പറയുന്നത്. 

ലോകത്തെ മികച്ച താരങ്ങളെല്ലാം പന്തുതട്ടാനാഗ്രഹിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ്. എന്നാല്‍ റയലില്‍ കളിക്കുമ്പോള്‍ തനിക്ക് വേണ്ടത്ര ആത്മവിശ്വാസം ലഭിക്കുന്നില്ല. എന്നാല്‍ ദേശീയ കുപ്പായത്തില്‍ കളിക്കുമ്പോള്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. സിദാന്‍റെ വിശ്വാസം എങ്ങനെ സ്വന്തമാക്കണമെന്ന് അറിയില്ലെന്ന് ഇസ്‌കോ പറയുന്നു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് വര്‍ഷത്തെ കരാറില്‍ സ്പാനീഷ് താരം റയലിലെത്തിയത്. എന്നാല്‍ റയലില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന ഇ‌സ്‌കോയെ റാഞ്ചാന്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും ശ്രമം നടത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. 


 

loader