ഭൂമിയുമായി ഏറ്റവും കൂടുതല്‍ സാമ്യമുള്ള ഗ്രഹം കണ്ടെത്തി. കെപ്ലര്‍ 62-എഫ് എന്നാണ് ശാസ്ത്രലോകം ഇതിന് നല്‍കിയിരിക്കുന്ന പേര്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് 1200 പ്രകാശ വര്‍ഷം അകലെയുള്ള ഗ്രഹം കണ്ടെത്തിയത്. 

ഭൂമിയേക്കാള്‍ 40 മടങ്ങ് വലിപ്പമുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യമുണ്ടെന്നാണ് അനുമാനം. ലൈറ നക്ഷത്ര സമൂഹത്തിനരുകിലായാണ് കെപ്ലര്‍ 62-എഫ് ഭ്രമണം ചെയ്യുന്നത്. ഈ ഗ്രഹത്തില്‍ സമുദ്രത്തിന്‍റെ സാധ്യതകളും തള്ളികളയാനാവില്ലെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷകരുടെ വാദം.

2013ല്‍ നാസയുടെ കെപ്ലര്‍ മിഷന്‍ മറ്റൊരു സൗരയൂഥത്തെ കുറിച്ചും സൂചന നല്‍കിയിരുന്നു. കെപ്ലര്‍-62 എഫ് അടക്കം അഞ്ച് ഗ്രഹങ്ങള്‍ സൂര്യനേക്കാള്‍ ചെറുതും തണുത്തതുമായ ഒരു നക്ഷത്രത്തെ വലംവെയ്ക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ സോളാര്‍ സിസ്റ്റത്തിലെ ഏറ്റവും പുറത്തുള്ള ഗ്രഹമാണ് കെപ്ലര്‍-62 എഫ്.

അന്തരീക്ഷത്തിലെ വ്യതിയാനങ്ങള്‍ ഉപരിതലത്തിലെ ജല സാന്നിധ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി കണ്ടെത്തിയെന്നും ഇത് ജീവികളുടെ വാസം സാധ്യമാക്കുമെന്ന് കരുതുന്നതായും ഗവേഷകര്‍ പറയുന്നു.