സൈബർ തട്ടിപ്പുകാരിയുടെ കെണിയിൽ കുടുങ്ങി 15 ദിവസത്തിനുള്ളിൽ യുവാവിന് 49 ലക്ഷം രൂപ നഷ്‍ടമായി. മാട്രിമോണിയല്‍ വെബ‌്‌സൈറ്റ് വഴിയാണ് യുവാവ് പരിചയപ്പെട്ടത്.
ഗാസിയാബാദ്: ജീവിത പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകൾ തേടുന്നവര്‍ ജാഗ്രത പാലിക്കുക. ജീവിത പങ്കാളിയെ തേടി മാട്രിമോണിയൽ സൈറ്റ് സന്ദർശിച്ചപ്പോൾ ഒരു യുവാവിന് നഷ്‍ടമായത് ലക്ഷങ്ങൾ ആണ്. പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും മധുരവാക്കുകൾക്കിടയിൽ സൈബർ തട്ടിപ്പുകാരിയുടെ കെണിയിൽ കുടുങ്ങി 15 ദിവസത്തിനുള്ളിൽ യുവാവിന് 49 ലക്ഷം രൂപ നഷ്‍ടമായി.
42-കാരന്‍ തട്ടിപ്പിന് ഇരയായത് ഇങ്ങനെ
വൈശാലി സ്വദേശിയായ അഭിഷേക് ചൗധരി എന്നയാളാണ് പൊലീസിൽ പരാതിയുമായെത്തിയത്. 42-കാരനായ അഭിഷേക് ഒരു പിഎച്ച്‍ഡി വിദ്യാർഥിയാണ്. ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് താൻ സ്ത്രീയെ പരിചയപ്പെട്ടത് എന്ന് അഭിഷേക് പറയുന്നു. സംഭാഷണം ആരംഭിച്ചപ്പോൾ വിശ്വാസം നേടുന്നതിനായി യുവതി, ജലന്ധറിലും ദില്ലി-എൻസിആറിലും തന്‍റെ കുടുംബം റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. സംഭാഷണത്തിനിടയിൽ, അവർ അഭിഷേകിനെ ഫോറെക്‌സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തുകയും നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
യുവതി അഭിഷേകിന് ട്രേഡിങ്ങിനായി നിരവധി ലിങ്കുകൾ അയച്ചുകൊടുത്ത് രജിസ്റ്റർ ചെയ്‌തു. ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്‌ത് 500 ഡോളറിൽ നിക്ഷേപം തുടങ്ങാൻ പറഞ്ഞു. അഭിഷേകിന് നേരിട്ട് ഡോളറിൽ പണമടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, തട്ടിപ്പുകാർ ടെലിഗ്രാം വഴി ഒരു അക്കൗണ്ട് നൽകി. ഈ അക്കൗണ്ട് ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റുമെന്ന് അവർ അവകാശപ്പെട്ടു. അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്‌തു. ഇതിനുശേഷം, കൂടുതൽ ലാഭത്തിന് വേണ്ടി, ഒക്‌ടോബര്‍ 8-ന് 10 ലക്ഷം രൂപയും, ഒക്‌ടോബര്‍ 15-ന് രണ്ട് ഗഡുക്കളായി 15 ലക്ഷം രൂപയും, ഒക്‌ടോബര്‍ 16-ന് 13 ലക്ഷം രൂപയും, നവംബർ 2-ന് 10 ലക്ഷം രൂപയും സ്‍തീ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു. ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ നൽകി.
കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്
ഈ സമയം ട്രേഡിംഗ് ആപ്പിൽ അഭിഷേകിന്‍റെ വാലറ്റിൽ നിന്ന് ഗണ്യമായ ലാഭം കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. പണം പിൻവലിക്കാനുള്ള ഓരോ ശ്രമവും പരാജയപ്പെടുകയും തട്ടിപ്പുകാർ ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെ താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കി അഭിഷേക് പൊലീസിനെ സമീപിക്കുകയായിരുന്നു.
ബിഎൻഎസ് 319(2), 318(4) വകുപ്പുകൾ പ്രകാരമുള്ള എഫ്‌ഐആറുകളും ഐടി ആക്‌ടിന് കീഴിലുള്ള വ്യവസ്ഥകളും പ്രകാരം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഇരയുടെ പണം കൈമാറ്റം ചെയ്‌ത അക്കൗണ്ടുകൾ കണ്ടെത്താൻ ഇടപാടുകളിൽ ഉൾപ്പെട്ട എല്ലാ ബാങ്കുകളെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും എഡിസിപി (സൈബർ ആൻഡ് ക്രൈം) പൊലീസ് അധികൃതർ പറഞ്ഞു.



