ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടുകളുടെ പ്രത്യാഘാതങ്ങള്‍ വ്യാപകമായ പശ്‌ചാത്തലത്തിലാണ് അമേരിക്കയിലെ 44 അറ്റോർണി ജനറൽമാർ എഐ കമ്പനികള്‍ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്
വാഷിംഗ്‌ടണ്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ലോകത്തെ മാറ്റിമറിക്കുകയാണ്. എഐക്ക് ഗുണങ്ങളെപ്പോലെതന്നെ ദോഷങ്ങളും ദുരുപയോഗങ്ങളുമുണ്ട്. എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വർധിച്ചുവരികയാണ്. കുട്ടികളിൽ എഐയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള നിരവധി ഭയാനകമായ കേസുകൾ അടുത്തകാലത്തായി പുറത്തുവന്നു. ഇപ്പോഴിതാ കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക് ഭീമന്മാർക്കെതിരെ കർശന നിലപാട് സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ് അമേരിക്ക.
എഐയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുടെയും അറ്റോർണി ജനറൽമാർ ലോകത്തിലെ മുൻനിര എഐ കമ്പനികൾക്ക് ഒരു സംയുക്ത കത്തെഴുതി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, എക്‌സ്‌എഐ, മെറ്റ തുടങ്ങിയ കമ്പനികൾക്കാണ് അറ്റോർണി ജനറലിന്‍റെ ഈ കത്ത്. എഐ ചാറ്റ്ബോട്ടുകളിൽ നിന്ന് കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുക, അല്ലാത്തപക്ഷം ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകുക എന്ന് ഈ കത്തിൽ അധികൃതർ വ്യക്തമാക്കി. കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുക എന്നത് യാതൊരുവിധത്തിലും വിട്ടുവീഴ്‌ചയും ചെയ്യാനാവാത്ത കാര്യമാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് അറ്റോർണി ജനറൽ (എൻഎഎജി) ഈ കത്തിൽ ഊന്നിപ്പറഞ്ഞു.
അടുത്തിടെ, ചാറ്റ്‍ജിപിടിയുടെ പ്രേരണയാൽ 16 വയസുള്ള ഒരു ആൺകുട്ടി ആത്മഹത്യ ചെയ്‌ത ഞെട്ടിക്കുന്ന ഒരു കേസ് പുറത്തുവന്നിരുന്നു. ചാറ്റ്‍ജിപിടി ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യാനുള്ള വഴികൾ നിർദ്ദേശിക്കുക മാത്രമല്ല തന്‍റെ പ്രശ്‍നം കുടുംബവുമായി പങ്കുവെക്കരുതെന്ന് സമ്മർദ്ദം ചെലുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവം കുട്ടികളിൽ എഐ ഉണ്ടാക്കുന്ന ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിലുള്ള മറ്റ് നിരവധി കേസുകളും അമേരിക്കൻ സർക്കാർ അധികൃതരെ ഈ ടെക് ഭീമന്മാർക്കെതിരെ നിലപാടെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
എട്ട് വയസ് പ്രായമുള്ള കുട്ടികളുമായി പ്രണയം നടിക്കാൻ എഐ ചാറ്റ്‍ബോട്ടുകളെ അനുവദിച്ചതായി മാർക് സക്കർബർഗിന്‍റെ കമ്പനിയായ മെറ്റയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. അറ്റോർണി ജനറൽമാർ ഇതിനെ വെറുപ്പുളവാക്കുന്നതും കുട്ടികളോടുള്ള കടുത്ത അവഗണനയുമാണെന്ന് വിശേഷിപ്പിച്ചു. അതേസമയം മെറ്റയുടെ വക്താവ് ഈ ആരോപണങ്ങൾ നിഷേധിക്കുകയും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മെറ്റ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
ചാറ്റ്‍ജിപിടിയും മെറ്റയും മാത്രമല്ല, ഗൂഗിൾ ഉൾപ്പെടെയുള്ള മറ്റ് എഐ കമ്പനികളും കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്ന കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗൂഗിൾ എഐ ചാറ്റ്ബോട്ട് ഒരു കൗമാരക്കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് അറ്റോർണി ജനറൽമാർ ആരോപിച്ചു. അതേസമയം ക്യാരക്‌ടർ എഐ എന്ന ചാറ്റ്ബോട്ട് കുട്ടിയോട് മാതാപിതാക്കളെ കൊല്ലാൻ നിർദ്ദേശിച്ചതായുള്ള ആരോപണവും ഉയർന്നു. അതേസമയം, സെർച്ച് എഞ്ചിനും ക്യാരക്‌ടർ എഐയും രണ്ട് വ്യത്യസ്‍ത കമ്പനികളാണെന്നും ക്യാരക്‌ടർ എഐയുടെ എഐ മോഡലുമായി സെർച്ച് എഞ്ചിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഗൂഗിൾ തങ്ങളുടെ വിശദീകരണത്തിൽ പറഞ്ഞു.
ഈ കേസുകളിൽ യുഎസ് അറ്റോർണി ജനറൽമാർ സോഷ്യൽ മീഡിയയുടെ ആദ്യകാലത്തെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയുടെ ആദ്യകാലത്തും ടെക് ഭീമന്മാർ ഇത്തരം മുന്നറിയിപ്പുകൾ അവഗണിച്ചിരുന്നുവെന്ന് അറ്റോർണി ജനറൽമാർ പറഞ്ഞു. തൽഫലമായി ദശലക്ഷക്കണക്കിന് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതരമായ ദോഷം സംഭവിച്ചുവെന്നും അവർ ഓർമ്മിപ്പിച്ചു. തകർന്ന ജീവിതങ്ങളെയും തകർന്ന കുടുംബങ്ങളെയും വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമായി ഈ കമ്പനികൾ കണക്കാക്കുന്നുവെന്നും അധികൃതർ ആരോപിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ഉറപ്പായും വ്യത്യസ്‍തമായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. മുൻ അനുഭവങ്ങളിൽ നിന്നും സർക്കാർ പാഠം പഠിച്ചുവെന്നും എഐ പ്ലാറ്റ്‌ഫോമുകൾ മൂലമുണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കർശന നടപടിയെടുക്കാൻ ഇപ്പോൾ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
എഐ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോഴും വിന്യസിക്കുമ്പോഴും കമ്പനികൾ മാതാപിതാക്കളുടെ കാഴ്‌ചപ്പാട് സ്വീകരിക്കണമെന്ന് അറ്റോർണി ജനറൽമാർ കത്തിൽ അഭ്യർഥിച്ചു. ഇന്നത്തെ കുട്ടികൾ നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ നിഴലിൽ വളരുകയും പ്രായമാകുകയും ചെയ്യുമെന്നും ഓർമ്മിക്കണമെന്നും നിങ്ങളുടെ എഐ ഉൽപ്പന്നങ്ങൾ കുട്ടികളെ നേരിടുമ്പോൾ, ഒരു വേട്ടക്കാരന്‍റെ കണ്ണിലൂടെയല്ല, മറിച്ച് മാതാപിതാക്കളുടെ കണ്ണിലൂടെയാണ് നിങ്ങൾ അവരെ കാണേണ്ടതെന്നും കത്തിൽ അറ്റോർണി ജനറൽമാർ വ്യക്തമാക്കുന്നു.



