ഹൈദരാബാദ്: സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡാറ്റാ സയന്റിസ്റ്റ് തസ്തികയിൽ ഏഴാം ക്ലാസുകാരൻ. ഹൈദരാബാദിലെ ശ്രീ ചൈതന്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് ശ്രീവാസ്തവ് പിള്ളിയാണ് മോണ്ടെയ്ൻ സ്മാർട്ട് ബിസിനസ് സൊല്യൂഷൻസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി നിയമിതനായത്.

ഡെവലപ്പർ എന്ന നിലയിൽ വളരെ ചെറുപ്പത്തിൽ തന്നെ ഗൂഗിളിൽ ജോലി ലഭിച്ച തൻ‌മയ് ബക്ഷിയാണ് തന്റെ പ്രചോദനമെന്ന് സിദ്ധാർത്ഥ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വളരെ ചെറുപ്പം മുതൽ തനിക്ക് കോഡിംഗിൽ താൽപ്പര്യമുണ്ടായിരുന്നു. തന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച അച്ഛന് ശ്രീവാസ്തവ് നന്ദിയറിയിച്ചു.

ചെറുപ്പത്തിൽത്തന്നെ ജോലി നേടാൻ തന്നെ വളരെയധികം സഹായിച്ച വ്യക്തിയാണ് അച്ഛൻ. വ്യത്യസ്ത ജീവചരിത്രങ്ങൾ കാണിച്ച് പ്രചോദനം നൽകുകയും തന്നെ കോഡിംഗ് പഠിപ്പിക്കുകയും ചെയ്തിരുന്നത് അച്ഛനാണ്. എന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിലും അച്ഛനാണെന്നും സിദ്ധാർത്ഥ് ശ്രീവാസ്തവ് പറഞ്ഞു.