പുതിയ ലൈവ് സ്ട്രീമിങ്ങ് സൗകര്യവുമായി അഡോബ് ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നു. ക്രിയേറ്റീവ് ക്ലൗഡ് ആപ്പുകളായ ഫ്രെസ്‌കോ ഡിജിറ്റല്‍ പെയിന്‍റിംഗ്, ഡ്രോയിംഗ് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കുന്ന അഡോബ് ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് നിലവില്‍ ലൈവ് സ്ട്രീമിംഗ് കമ്പനി പരീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ സൃഷ്ടികള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യാന്‍ സൗകര്യമൊരുക്കും. തത്സമയ സ്ട്രീമിംഗ് സവിശേഷതകളെക്കുറിച്ച് അഡോബ് മാക്‌സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സ്രഷ്ടാക്കളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും 'വൈറലാക്കാന്‍' ഒരു മാര്‍ഗമായി അഡോബ് കാണുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഡോബ് ക്രിയേറ്റീവ് ക്ലൗഡ് ആപ്ലിക്കേഷനുകള്‍ക്കു വേണ്ടിയുള്ള ഈ ലൈവ് സ്ട്രീമിങ് വൈകാതെ മറ്റ് ആപ്പുകള്‍ക്ക് വേണ്ടി കൂടി നിര്‍മ്മിക്കുമെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ സ്‌കോട്ട് ബെല്‍സ്‌കി പറഞ്ഞു. ലൈവ് സ്ട്രീമിങ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ സെഷന്റെ ഒരു ലൈവ് സ്ട്രീം ആരംഭിക്കാനും മറ്റുള്ളവരുമായി സ്വകാര്യമായി അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യമായി ഒരു ലിങ്ക് പങ്കിടാനും കഴിയും. സ്ട്രീമില്‍ അഭിപ്രായമിടാന്‍ കാഴ്ചക്കാര്‍ക്ക് കഴിയും.

ഏത് തത്സമയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും ഇതു പിന്തുണയ്ക്കുമെന്നാണ് സൂചന. എന്നാല്‍ ഏത് ക്രിയേറ്റീവ് ക്ലൗഡ് അപ്ലിക്കേഷനുകള്‍ക്ക് ഇതിന്‍റെ സപ്പോര്‍ട്ട് ലഭിക്കുമെന്നതു പോലെയുള്ള മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ അഡോബ് ഫ്രെസ്‌കോയിലെ ബീറ്റ ലൈവ് സ്ട്രീമിങ്ങിലേക്കു പ്രവേശനം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു.