അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ വൃത്തങ്ങള്‍. ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്‍റെ പഠനങ്ങളിലാണ് ഫോണില്‍ അശ്ലീല വീഡിയോ ആസ്വദിക്കുന്നവര്‍ക്ക് ഞെട്ടാനുള്ള വകയുള്ളത്. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നാണെന്നാണ് പുതിയ പഠനം. 

കംപ്യൂട്ടറിനേക്കാള്‍ സുരക്ഷിതത്വം കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്. അതിനാല്‍ ഫോണിലും ടാബ്‌ലറ്റിലും വൈറസുകള്‍ക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാന്‍ സാധിക്കും. ഇത് പതുക്കെ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂസിലന്‍റിലെ സിഇആര്‍ടി എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് മറ്റുചില ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ്. 

സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവര്‍ അവരറിയാതെ തന്നെ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. 

സിഇആര്‍ടി എന്‍സെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്‌സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. 

അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാർട്ട്ഫോൺ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തില്‍ നല്‍കുന്നുണ്ട്.