ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് നീങ്ങി. 

നാഗപട്ടണം: സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. തമിഴ്നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍. ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് നീങ്ങി. 

വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഒഡീഷ തീരത്ത് വീശിയ തിത്‌ലി ചുഴലിക്കാറ്റിനുശേഷം ഗജ എത്തുമ്പോള്‍ പേരുകളിലെ വ്യത്യസ്തതയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്. 

അക്ഷരമാല ക്രമത്തിലാണ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിയിരുന്നത്. പിന്നീട് സ്ത്രീകളുടെ പേരുകള്‍ നല്‍കിത്തുടങ്ങി. 1979ല്‍ പുരുഷന്‍മാരുടെ പേരും ഉപയോഗിക്കാന്‍ തുടങ്ങി. വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോ പ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പട്ടികയായി സൂക്ഷിക്കുന്നതും, പേരു നല്‍കുന്നതും. 

പട്ടികയിലുള്ള പേരുകള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഉപയോഗിക്കും. 2025ന് ശേഷം വീണ്ടും ഗജ എന്ന പേര് ഉപയോഗിച്ചേക്കാമെന്ന് അര്‍‌ഥം. വലിയ നാശനഷ്ടം വരുത്തുകയും ജനങ്ങള്‍ മരിക്കാനിടയാകുകയും ചെയ്യുന്ന ചുഴലിക്കാറ്റുകളുടെ പേരുകള്‍ വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് ഉപയോഗിക്കാറില്ല.