പ്രോഫറ്റിക് എഐ എന്ന സ്റ്റാർട്ടപ്പ് സ്വപ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു വെയറബിൾ ഉപകരണം പുറത്തിറക്കി. ലൂസിഡ് ഡ്രീമിംഗ് എന്ന അവസ്ഥ സാധ്യമാക്കാൻ അൾട്രാസോണിക് ഊർജ്ജവും എഐയും ഉപയോഗിക്കുന്ന ഈ ഉപകരണത്തിന്റെ സുരക്ഷയെയും കാര്യക്ഷമതയെയും കുറിച്ച് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.
കൃത്രിമ ബുദ്ധി (AI) മേഖലയിൽ പുതിയ പരീക്ഷണങ്ങളുമായി മുന്നേറുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് പ്രോഫറ്റിക് എഐ (Prophetic). ഇപ്പോഴിതാ മനുഷ്യരുടെ സ്വപ്‍നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു വെയറബിൾ ഉപകരണം പ്രോഫറ്റിക് എഐ പുറത്തിറക്കിയതായാണ് റിപ്പോർട്ടുകൾ. ഡ്യുവൽ, ഫേസ് എന്ന പേരുകളിലുള്ള ഈ രണ്ട് ഉപകരണങ്ങൾ, ലൂസിഡ് ഡ്രീമിംഗ് (lucid dreaming) എന്നറിയപ്പെടുന്ന സ്വപ്‍നാവസ്ഥ സൃഷ്‍ടിക്കാൻ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. സ്വപ്‍നം കാണുമ്പോൾ തന്നെ അത് സ്വപ്‍നം ആണെന്ന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനും കഴിയുന്ന അവസ്ഥയാണ് ലൂസിഡ് ഡ്രീമിംഗ്.
തലയിൽ ധരിക്കുന്ന ബാൻഡിന്‍റെ രൂപത്തിലുള്ള ഈ ഉപകരണങ്ങൾ, നെറ്റിയിലൂടെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിലേക്ക് (prefrontal corte) അൾട്രാസോണിക് ഊർജ്ജം അയയ്ക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് പ്രോഫറ്റിക് എഐ വിശദീകരിക്കുന്നു. സ്വപ്‍നത്തിനിടെ സാധാരണയായി പ്രവർത്തനരഹിതമായ ഫ്രന്‍റോപാരിയറ്റൽ നെറ്റ്‌വർക്കിനെ (frontoparietal network) സജീവമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നെറ്റ്‍വർക്ക് സജീവമായാൽ സ്വപ്‍നാവസ്ഥയിൽ കൂടുതൽ ബോധവും നിയന്ത്രണവും ലഭിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.
കൂടാതെ, ഈ ഉപകരണങ്ങളിൽ ഇലക്ട്രോഎൻസെഫലോഗ്രാം അഥവാ ഇഇജി (electroencephalogram) സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മസ്‍തിഷ്‌ക പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും ഉറക്കത്തിൽ കൂടുതൽ കൃത്യമായ ഇടപെടലുകൾ നടത്താനും സഹായിക്കുകയും ചെയ്യും. ട്രാൻസ്‌ക്രാനിയൽ ഫോക്കസ്‍ഡ് അൾട്രാസൗണ്ട് (tFUS) എന്ന സാങ്കേതിക വിദ്യയും എഐയും ചേർന്നാണ് ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഇതുവഴി സ്വപ്‍നങ്ങളുടെ വ്യക്തത, ഓർമ്മശക്തി, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താൻ കഴിയും എന്നതാണ് കമ്പനിയുടെ വാദം.
എന്നാൽ, ഈ സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച് ഇതുവരെയുള്ള ശാസ്ത്രീയ പഠനങ്ങള്‍ പര്യാപ്‍തമല്ലെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഈ ഉപകരണങ്ങൾ വിപണിയിൽ എത്തുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണ്. പ്രോഫറ്റിക് ഡ്യുവൽ എന്ന മോഡൽ 449 ഡോളർ (ഏകദേശം 43,000 രൂപ) നിരക്കിലായിരിക്കും ലഭ്യമാവുക. ഇത് ഈ വർഷാവസാനത്തോടെ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പ്രീമിയം മോഡലായ പ്രോഫറ്റിക് ഫേസ് 1,299 ഡോളർ (ഏകദേശം 1.22 ലക്ഷം രൂപ) വിലയോടെ 2027 മധ്യത്തോടെ ലഭ്യമാകും.
എഐ സാങ്കേതിക വിദ്യയുടെ പരിധികൾ വിപുലീകരിക്കുന്ന പുതിയ ശ്രമമായി ഇതിനെ കാണുമ്പോഴും, മനുഷ്യ മനസിനും സ്വപ്‍നങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കുമുള്ള ദീർഘകാല പ്രതിഫലങ്ങൾ എന്താകും എന്ന ചോദ്യവും ഉയരുന്നുണ്ട്.



