ഭാരതി എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്ന വ്യാപക പരാതിയുമായി വരിക്കാര്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ തടസപ്പെട്ടു. കേരളത്തിലടക്കം എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ പ്രശ്‌നം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍ അനവധി ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ പരാതികളില്‍ പറയുന്നത്. അര മണിക്കൂര്‍ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30-ഓടെയാണ് എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ദില്ലി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ എയര്‍ടെല്‍ യൂസര്‍മാരും കോള്‍, ഡാറ്റ പ്രശ്‌നങ്ങള്‍ എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

എയര്‍ടെല്‍ കോള്‍, ഡാറ്റ സേവനങ്ങള്‍ തടസപ്പെട്ടതിനെ കുറിച്ച് നിരവധി പരാതികളാണ് എക്‌സില്‍ കാണുന്നത്. പല യൂസര്‍മാരുടെയും പരാതികള്‍ക്ക് ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് എയര്‍ടെല്‍ അധികൃതര്‍ മറുപടി നല്‍കുന്നുണ്ട്. സേവനങ്ങള്‍ തടസ്സപ്പെട്ടതില്‍ ഉപഭോക്താക്കളോട് ഭാരതി എയര്‍ടെല്‍ ക്ഷമ ചോദിക്കുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി എയര്‍ടെല്‍ വ്യക്തമാക്കി. കേരളത്തിന് പുറത്ത് ബെംഗളൂരു, ദില്ലി, മുംബൈ നഗരങ്ങളില്‍ നിന്നെല്ലാം എയര്‍ടെല്‍ ഉപഭോക്താക്കളുടെ നിരവധി പരാതികള്‍ എക്‌സില്‍ കാണാം.

