ദില്ലി: റിലയന്‍സ് ജിയോ അവതരിപ്പിച്ച ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ട്രായ്‌യുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഏയര്‍ടെല്‍ രംഗത്ത്. പഴയ പ്ലാനുകള്‍ക്ക് സമാനമാണ് പുതിയ പ്ലാനുമെന്ന് ട്രായിക്ക് നല്‍കിയ പരാതിയില്‍ ഏയര്‍ടെല്‍ ആരോപിക്കുന്നു. പേരില്‍ മാത്രമേ വ്യത്യാസമുള്ളതെന്നും എയര്‍ടെല്‍ വക്താവ് കുറ്റപ്പെടുത്തുന്നു. 

അതേ സമയം ‘ധന്‍ ധനാ ധന്‍’ഓഫറിന് ബദലായി ഏയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു എന്ന് റിപ്പോര്‍ട്ടുണ്ട്. 4ജി സിം ഉള്ള, വിഒഎല്‍ടിഇ വോയ്സ് കോള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ട്. 399 രൂപയ്ക്ക് 70 ദിവസത്തേക്ക് ഫ്രീകോളും, ഒരു ദിവസം 1ജിബി ഡാറ്റ എന്നരീതിയില്‍ നല്‍കുന്നതാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ട്. 

ജിയോയുടെ പുതിയ ഓഫറിനെതിരെ ട്രായ് നടപടിയെടുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ടെലികോം മേഖല ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക നില വളരെ മോശമായതിനാല്‍ പുതിയ നിക്ഷേപത്തിനും ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിലും കമ്പനികള്‍ ഏറെ പ്രയാസം നേരിടുന്നുണ്ടെന്നും എയര്‍ടെല്‍ വക്താവ് കൂട്ടിചേര്‍ത്തു.

എയര്‍ടെല്‍ പരാതിയോട് പ്രതികരിക്കാന്‍ ട്രായ്‌യോ ജിയോയോ ഇതുവരെ തയ്യാറായിട്ടില്ല. ജിയോ തരംഗത്തോടെ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെല്ലാം കനത്ത നഷ്ടം നേരിടുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനികള്‍. വൊഡാഫോണ്‍-ഐഡിയ ലയനം തന്നെ അതിനൊരു ഉദാഹരണം.

ജൂണ്‍ ഒന്ന് വരെ സൗജന്യ സേവനം നല്‍കുന്ന സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കാന്‍ നേരത്തെ ട്രായ് ജിയോയോട് ആവശ്യപ്പെട്ടിരുന്നു. 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുത്ത് 303 രൂപയ്‌ക്കോ അതിനു മുകളിലോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഓഫറില്‍ ജൂണ്‍ വരെ സൗജന്യ സേവനം ലഭിക്കും. ജൂലൈ ഒന്ന് മുതലേ പ്ലാന്‍ തുക ഈടാക്കി തുടങ്ങുകയുള്ളൂ. 

ഓഫര്‍ ടെലിംകോ നിയമങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ട്രായ് വിലങ്ങിട്ടത്. സെപ്തംബറിലായിരുന്നു ജിയോ ലോഞ്ചിങ്ങ്. പത്ത് കോടിയലധികം യൂസര്‍മാര്‍ ഇപ്പോള്‍ ജിയോക്കൊപ്പമുണ്ട്. 7.2 കോടി പേര്‍ പ്രൈം അംഗത്വമെടുത്തു. ജിയോ ഓഫറുകളോട് പിടിച്ചുനില്‍ക്കാന്‍ പ്ലാന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ എതിരാളികള്‍ നിര്‍ബന്ധിതരായിരുന്നു.