ചൈനീസ് ടെക്ക് ഭീമനായ അലിബാബ, ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് എന്ന എഐ കോഡിങ് സഹായിക്ക് വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ക്ലോഡ് കോഡിനെ "ഉയർന്ന അപകടസാധ്യതയുള്ള സോഫ്റ്റ്‌വെയർ" ആയി തരംതിരിച്ച കമ്പനി, പകരം സ്വന്തം എഐ ടൂളായ ക്യുഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.
ചൈനീസ് ഇ-കൊമേഴ്‌സ്, ടെക്ക് ഭീമനായ അലിബാബ ജീവനക്കാർക്ക് ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് ക്ലോഡ് കോഡിന് പകരം കമ്പനിയുടെ സ്വന്തം എഐ കോഡിങ് സഹായിയായ ക്യുഡർ ഉപയോഗിക്കാനാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ക്ലോഡ് കോഡിനെ "ഉയർന്ന അപകടസാധ്യതയുള്ള സോഫ്റ്റ്‌വെയർ" ആയി അലിബാബ ആന്തരികമായി തരംതിരിച്ചിട്ടുണ്ടെന്നും ജൂലൈ 10 മുതൽ വിലക്ക് നടപ്പാക്കാനാണ് പദ്ധതിയെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ അലിബാബയോ ആന്ത്രോപിക്കോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
എന്താണ് വിവാദത്തിന് കാരണം?
ക്ലോഡ് കോഡിൽ ഉപയോക്താവിന്‍റെ പ്രവർത്തന പരിസരം പരിശോധിക്കുന്ന ചില സംവിധാനങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് വിവാദത്തിന് തുടക്കമായത്. ടൈം സോൺ, പ്രോക്സി സെർവർ വിവരങ്ങൾ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഉപയോക്താക്കളുടെ അഭ്യർഥനകൾ ആന്ത്രോപിക്കിന്റെ സെർവറുകളിലേക്ക് അയക്കുന്നതെന്ന് ഡെവലപ്പർമാർ കണ്ടെത്തിയിരുന്നു. ചൈനയിൽ ക്ലോഡ് സേവനത്തിന് ഔദ്യോഗിക വിലക്കുള്ളതിനാൽ വിദേശ സെർവറുകൾ വഴി സേവനം ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് ഈ സംവിധാനം ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ.
ഈ സംവിധാനത്തെക്കുറിച്ച് പ്രതികരിച്ച ആന്ത്രോപിക് എൻജിനീയറായ താരിഖ് ഷിഹിപാർ, അനധികൃത അക്കൗണ്ട് പുനർവിൽപ്പന തടയുന്നതിനും കമ്പനിയുടെ നിർമിതബുദ്ധി മോഡലുകളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനമാണിതെന്ന് വ്യക്തമാക്കിയിരുന്നു.
രൂക്ഷമാകുന്ന തർക്കം
അലിബാബയും ആന്ത്രോപിക്കും തമ്മിലുള്ള ബന്ധം സമീപകാലത്ത് കൂടുതൽ വഷളായിരിക്കുകയാണ്. ആന്ത്രോപിക്കിന്‍റെ മുൻനിര എഐ മോഡലുകളുടെ കഴിവുകൾ ചെറിയ മോഡലുകളിലേക്ക് പകർത്താൻ അലിബാബ ശ്രമിച്ചെന്ന ആരോപണം കഴിഞ്ഞ മാസം കമ്പനി ഉന്നയിച്ചിരുന്നു. അമേരിക്കൻ സെനറ്റർമാർക്ക് നൽകിയ കത്തിലൂടെയാണ് ഈ ആരോപണം ആന്ത്രോപിക് മുന്നോട്ടുവച്ചത്. കൂടാതെ, ചൈനയിലെ വിവിധ നിർമിതബുദ്ധി ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ക്ലോഡ് മോഡലുകളുടെ പ്രവർത്തനരീതി പകർത്താൻ ശ്രമിച്ചതായും ആന്ത്രോപിക് നേരത്തെ ആരോപിച്ചിരുന്നു.
സ്വന്തം എഐ ടൂളുകളിലേക്ക് കമ്പനികൾ
വിദേശ നിർമിതബുദ്ധി സേവനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര പ്ലാറ്റ്ഫോമുകളിലേക്ക് മാറാനുള്ള പ്രവണത ചൈനീസ് കമ്പനികളിൽ ശക്തമാകുകയാണ്. ഡീപ്‌സീക്ക്, ക്വെൻ, മൂൺഷോട്ട്, ഷിപു തുടങ്ങിയ ആഭ്യന്തര നിർമിതബുദ്ധി മോഡലുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതേസമയം, ക്ലോഡ് കോഡിന്റെ ഉപയോഗം കുറയ്ക്കുന്ന കമ്പനി അലിബാബ മാത്രമല്ല. മൈക്രോസോഫ്റ്റും ചില വിഭാഗങ്ങളിൽ ക്ലോഡ് കോഡിന്റെ ലൈസൻസുകൾ കുറച്ച്, സ്വന്തം ഗിറ്റ്‌ഹബ് കോപൈലറ്റ് സിഎൽഐ ഉപയോഗിക്കാൻ ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സുരക്ഷാ കാരണങ്ങളാൽ അല്ല, കമ്പനിക്കുള്ളിലെ എഐ വികസന ഉപകരണങ്ങൾ ഏകീകരിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് എന്നാണ് റിപ്പോർട്ടുകൾ.


