അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട പുതിയ ചന്ദ്രോപരിതല ചിത്രത്തില്‍ പട്ടാള ടാങ്കറെന്ന് സംശയിക്കുന്ന വസ്‌തുവിനെ കണ്ടെത്തി. ദി മിറര്‍ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പട്ടാള ടാങ്കറിനോട് സാമ്യമുള്ള ചതുരാകൃതിയിലുള്ള വസ്‌തുവിനെയാണ് കണ്ടെത്തിയതെന്ന സംശയത്തിലാണ് വിദഗ്ദ്ധര്‍. ഒരു വലിയ വാഹനം പോലെയുള്ള വസ്‌തുവായാണ് ഒറ്റനോട്ടത്തില്‍ ഇത് ദൃശ്യമാകുന്നത്. പ്രപഞ്ചത്തിലെ ദുരൂഹതകളെക്കുറിച്ചുള്ള വീഡിയോചിത്രങ്ങള്‍ പുറത്തുവിടുന്ന സെക്യൂര്‍ടീം10 എന്ന യൂട്യൂബ് ചാനലില്‍ ഇക്കാര്യം വിശകലനം ചെയ്യുന്ന പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പുരാതനകാലത്ത് ചന്ദ്രനില്‍ ജീവന്‍ ഉണ്ടായിരിന്നിരിക്കാമെന്നും, പഴയകാലത്ത് ഉപയോഗിക്കപ്പെട്ട വാഹനമാകാം അതെന്നും ചര്‍ച്ചയില്‍ ചിലര്‍ പറയുന്നുണ്ട്. നാസയുടെ ചിത്രത്തെക്കുറിച്ച് യൂട്യൂബ് ചാനലില്‍ വലിയ ചര്‍ച്ചകളും വിശകലനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ നാസ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.