കൃത്യമായ റൂട്ട് ട്രാക്കിംഗും ലൊക്കേഷൻ അപ്‌ഡേറ്റുകളും നൽകുന്ന ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയാണ് ഈ ഡെലിവറി സ്‌പെഷ്യല്‍ സ്‌മാര്‍ട്ട് ഗ്ലാസില്‍ ഉപയോഗിക്കുന്നതെന്നും ആമസോണ്‍ കമ്പനി വ്യക്തമാക്കുന്നു
കാലിഫോര്‍ണിയ: ഡെലിവറി അസോസിയേറ്റുകൾക്കായി പുതിയ എഐ സ്‌മാർട്ട് ഗ്ലാസിന്‍റെ മാതൃക അവതരിപ്പിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ. ഡെലിവറി പ്രക്രിയ മുമ്പത്തേക്കാൾ സുഗമവും സുരക്ഷിതവുമാക്കാനാണ് കമ്പനിയുടെ നീക്കം. ഡെലിവറി ഏജന്‍റുമാർക്ക് റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് സ്‍കാനിംഗ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയിൽ അപകട മുന്നറിയിപ്പുകൾ എന്നിവ പോലുള്ള വിവരങ്ങൾ നൽകുന്ന ഒരു വെർച്വൽ അസിസ്റ്റന്‍റായി ഈ സ്മാർട്ട് ഗ്ലാസുകൾ പ്രവർത്തിക്കുമെന്ന് ആമസോൺ പറയുന്നു. ഈ ഗ്ലാസുകളിൽ എഐ സെൻസിംഗ് പ്രവർത്തനങ്ങളും കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും ഉണ്ട്, ഇത് ഫോൺ നോക്കാതെ തന്നെ ഡെലിവറി എളുപ്പമാക്കുന്നു.
ആമസോണ്‍ എഐ സ്‌മാര്‍ട്ട് ഗ്ലാസ്
ഒരു ഡെലിവറി ഏജന്‍റ് വാഹനം പാർക്ക് ചെയ്യുമ്പോൾ തന്നെ ഈ സ്മാർട്ട് ഗ്ലാസുകൾ ഓട്ടോമാറ്റിക്കായി ആക്‌ടീവാകും എന്ന് ആമസോൺ പറയുന്നു. തുടർന്ന് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ പ്രധാനപ്പെട്ട ഡെലിവറി വിവരങ്ങളും ടേൺ-ബൈ-ടേൺ നാവിഗേഷനും പ്രദർശിപ്പിക്കും. കൃത്യമായ റൂട്ട് ട്രാക്കിംഗും ലൊക്കേഷൻ അപ്‌ഡേറ്റുകളും നൽകുന്ന ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ചുറ്റുമുള്ള പരിസ്ഥിതി, പാക്കേജുകൾ, റൂട്ടിലെ അപകടങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുന്ന ഒരു മൾട്ടി-ക്യാമറ സജ്ജീകരണമാണ് ഈ എഐ ഗ്ലാസുകളുടെ സവിശേഷത. ഡെലിവറി ബോയി ഒരു ബാർകോഡ് സ്‍കാൻ ചെയ്‌താൽ പാക്കേജ് കോഡ്, വിലാസം, ഡെലിവറി സ്ഥിരീകരണം എന്നിവ ഗ്ലാസുകളുടെ ഡിസ്പ്ലേയിൽ നേരിട്ട് ദൃശ്യമാകും. അതായത് ഡെലിവറിക്ക് മുമ്പ് ഡെലിവറി ഏജന്‍റുമാർക്ക് ഇനി അവരുടെ ഫോണുകളോ പാക്കേജുകളോ ആവർത്തിച്ച് പരിശോധിക്കേണ്ടതില്ല എന്നാണ്.
ആമസോണ്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സഹായകരം
ഈ സ്മാർട്ട് ഗ്ലാസുകൾ ഡെലിവറി വെസ്റ്റിൽ ഘടിപ്പിക്കാവുന്ന ഒരു കൺട്രോളറുമായി വരും. പ്രവർത്തന നിയന്ത്രണങ്ങൾ, മാറ്റാവുന്ന ബാറ്ററി, ഒരു എമർജൻസി ബട്ടൺ എന്നിവ ഇതിൽ ഉൾപ്പെടും. ഈ ഗ്ലാസുകൾ പ്രിസ്ക്രിപ്ഷൻ, ട്രാൻസിഷണൽ ലെൻസുകൾ എന്നിവയും പിന്തുണയ്ക്കുന്നുണ്ടെന്ന് ആമസോൺ പറഞ്ഞു. അതായത് അവ പ്രകാശവുമായി ഓട്ടോമാറ്റിക്കായി പൊരുത്തപ്പെടുന്നു. ഈ സ്‍മാർട്ട് ഗ്ലാസുകളുടെ ഭാവി പതിപ്പുകളിൽ തത്സമയ തകരാർ കണ്ടെത്തൽ ഫീച്ചറും തെറ്റായ വിലാസത്തിലേക്ക് ഡെലിവറി പോയാൽ ഉടൻ തന്നെ അറിയിക്കാൻ കഴിയുന്ന ഫീച്ചറുകളും ഉൾപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, കുറഞ്ഞ വെളിച്ചമുള്ള അന്തരീക്ഷം അല്ലെങ്കിൽ വീടുകളുടെ മുറ്റത്തുള്ള വളർത്തുമൃഗങ്ങളെ കണ്ടെത്തൽ പോലുള്ള സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാനും അവയ്ക്ക് കഴിയും എന്നും റിപ്പോർട്ടുകൾ പറയുന്നു.



