ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് തുടങ്ങാന്‍ പദ്ധതിയിട്ട് ആമസോണ്‍. ദീപാവലി ദിവസമാകും ആമസോണ്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. നിരവധി ഓഫറുകളുമായാണ് ഭക്ഷണ വിതരണ മേഖലയിലേക്ക് ഇ കൊമേഴ്സ് ഭീമന്‍ ചുവടുവെക്കുന്നത്. 

വിലയിളവ്, ക്യാഷ്ബാക്, റസ്റ്ററന്‍റ് ഉടമകളുടെ പക്കല്‍ നിന്നും കുറഞ്ഞ കമ്മിഷന്‍ ഈടാക്കുക തുടങ്ങിയ വന്‍ ഓഫറുകള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ബെംഗളൂരുവിലാണ് ഫുഡ് ഡെലിവറി ആപ് ആരംഭിക്കുന്നത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.  കമ്മിഷന്‍ നിരക്ക് 6-10 ശതമാനമായി കുറയ്ക്കാനും ആമസോണ്‍ തയ്യാറാകുന്നെന്നാണ് വിവരം. 20-30 ശതമാനമാണ് സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്സ് തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍ ഇപ്പോള്‍ ഈടാക്കുന്ന കമ്മിഷന്‍.

ചില്ലറവ്യാപാരത്തിനും ഫുഡ് ഡെലിവറിക്കും അനുയോജ്യമായ വലിയ മാര്‍ക്കറ്റായാണ് ഇന്ത്യയെ കാണുന്നതെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലേക്ക് ആമസോണ്‍ കടന്നുവരുമ്പോള്‍ സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്സ് തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളെ ഇത് എത്രത്തോളം ബാധിക്കുമെന്നാണ് ഇനി അറിയാനുള്ളത്.