മലയാളികളെ ഏറെ നിരാശപ്പെടുത്തുന്ന ആ തീരുമാനവും ഒടുവില്‍ പുറത്തുവന്നു. ആന്‍ഡ്രോയ്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിന് നമ്മുടെ നെയപ്പത്തിന്റെ പേരിടേണ്ടതില്ലെന്ന തീരുമാനമായിരിക്കുന്നു. പകരം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നൂഗ (Nougat)എന്ന മിഠായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതായത് ആന്‍ഡ്രോയ്ഡിന്റെ പുതിയ വെര്‍ഷന്‍ ഇനി മേലില്‍ ആന്‍ഡ്രോയ്ഡ് നൂഗ എന്നറിയപ്പെടും. ട്വിറ്ററിലൂടെയാണ് പേരിട്ട വിവരം ആന്‍ഡ്രോയ്ഡ് അറിയിച്ചത്.

Scroll to load tweet…

പുതിയ പതിപ്പിന് ആന്‍ഡ്രോയ്ഡ് എന്‍ എന്ന് പേര് നല്‍കിയ ശേഷം ഇഷ്ടമുള്ള പലഹാരങ്ങളുടെ പേര് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞമാസം അവസരമുണ്ടായിരുന്നു. കണ്ടെത്തിയ പേരുകളുടെ ചുരുക്കപ്പട്ടികയില്‍ മലയാളികളുടെ നെയ്യപ്പത്തിനും ഇടം ലഭിച്ചതോടെ സൈബര്‍ മലയാളി സമൂഹം ഒന്നടങ്കം നെയ്യപ്പത്തിനായി രംഗത്തിറങ്ങിയിരുന്നു. നെയ്യപ്പത്തിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന ആഹ്വാനം സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നെങ്കിലും എല്ലാം വിഫലമായിരിക്കുകയാണ്. വൈകാതെ ആന്‍ഡ്രോയ്ഡ് നൂഗ വിവിധ ഗാഡ്ജറ്റുകളിലൂടെ ഉപഭോക്താക്കളുടെ കൈയ്യിലെത്തും.

ഒട്ടേറെ പുതിയ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് എന്നില്‍ ഉണ്ടാകും. മൊബൈല്‍ സ്ക്രീനുകളിലെ മള്‍ട്ടി ടാസ്ക്കിങ് സാധ്യമാക്കുന്ന സ്പ്ലിറ്റ് സ്ക്രീന്‍ സംവിധാനം, ഗൂഗ്ളിന്റെ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ ഡേ ഡ്രീം എന്നിങ്ങനെ വലിയൊരു പട്ടിക തന്നെ പുതിയ പതിപ്പിന്റെ പ്രത്യേകളായി പുറത്തുവരുന്നുണ്ട്.