വാഷിങ്‌ടണ്‍: ഇന്‍റര്‍നെറ്റ് ഉപകരണങ്ങളില്‍ ആന്‍ഡ്രോയ്‌ഡ്‌ ഉപകരണങ്ങള്‍ മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസിനെ പിന്നിലാക്കി. ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ആന്‍ഡ്രോയ്‌ഡിന്‌ 37.9 ശതമാനമാണു പങ്ക്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിച്ച്‌ 37.91 ശതമാനം പേരാണ്‌ ഇന്റര്‍നെറ്റിലെത്തിയത്‌.

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആധിപത്യമാണു ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡിനു നേട്ടമായത്‌. ഡെസ്‌ക്‌ടോപ്പ്‌ - ലാപ്‌ടോപ്പ്‌ വിപണികളില്‍ മൈക്രോസോഫ്‌റ്റിന്‌ ഇപ്പോഴും ആധിപത്യമുണ്ടെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. എന്നാല്‍, മൈക്രോസോഫ്‌റ്റിന്റെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിനു കാര്യമായ മുന്നേറ്റം ഉണ്ടായില്ല.

1990 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗം മൈക്രോസോഫ്‌റ്റിന്‍റെ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വഴിയായിരുന്നു. ഏഷ്യയാണ്‌ ആന്‍ഡ്രോയ്‌ഡിനു നിര്‍ണായക ലീഡ്‌ നേടിക്കൊടുത്തത്‌- 52.2 ശതമാനമാണ്‌ ഇവിടെ ആന്‍ഡ്രോയ്‌ഡ്‌ ഉപയോക്‌താക്കള്‍. 

യൂറോപ്പിലാണു വിന്‍ഡോസ്‌ ആരാധകര്‍ ഏറെ- 51.7 ശതമാനം. ആപ്പിളിന്‍റെ ഐഒഎസാണു മൂന്നാം സ്‌ഥാനത്ത്‌. ഇന്‍റര്‍നെറ്റ് ബ്രൗസറുകളുടെ കാര്യത്തില്‍ ഗൂഗിള്‍ നേരത്തെ തന്നെ മൈക്രോസോഫ്‌റ്റിനെ പിന്നിലാക്കിയിരുന്നു.