അന്യഗ്രഹജീവികളുണ്ടോ? ശാസ്‌ത്രലോകത്ത് ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. ഇതേക്കുറിച്ച് സിനിമകളും പുസ്‌തകങ്ങളും കുറേയിറങ്ങി. വലിയ ചര്‍ച്ചകളും നടന്നു. കെട്ടിച്ചമച്ച പല കഥകളും അന്യഗ്രഹജീവികളെക്കുറിച്ച് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇതേക്കുറിച്ചുള്ള വലിയ സത്യം വെളിപ്പെടുത്താന്‍ നാസ ഒരുങ്ങുകയാണ്. അന്യഗ്രഹജീവികള്‍ ഉണ്ടെന്ന സ്ഥിരീകരണം വെളിപ്പെടുത്താനാണ് നാസ തയ്യാറെടുക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസിനെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്യഗ്രഹജീവികള്‍ വരുന്നുണ്ടെന്ന് നാസ വെളിപ്പെടുത്താന്‍പോകുന്നുവെന്നാണ് അനോണിമസ് വെബ്സൈറ്റില്‍ പറയുന്നത്. ഔദ്യോഗികമല്ലാത്ത ഒരു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‌ത പന്ത്രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ നാസ വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.