കോൺടാക്റ്റ്‌ലെസ് പേയ്‌മെന്‍റുകളെ പിന്തുണയ്ക്കുന്ന കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയാണ് എന്‍എഫ്‌സി

കാലിഫോര്‍ണിയ: ഐഒഎസ് 18.1-ന്‍റെ വരാനിരിക്കുന്ന ബീറ്റാ ബിൽഡിൽ ഐഫോണ്‍ എൻഎഫ്‌സി സാങ്കേതികവിദ്യ തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് ആക്‌സസ് ചെയ്യാൻ അനുവദിക്കുമെന്ന് സൂചന. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലാണ് ഈ മാറ്റം ആദ്യം വരിക. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ കൂടാതെ മറ്റ് പ്രദേശങ്ങളെയും ഇതിനായി തെരഞ്ഞെടുക്കുമെന്ന് ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

കോൺടാക്റ്റ്‌ലെസ് പേയ്‌മെന്‍റുകളെ പിന്തുണയ്ക്കുന്ന കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയാണ് എന്‍എഫ്‌സി. നിലവില്‍ ഐഫോണുകളില്‍ ഇത് ആപ്പിൾ പേ, ആപ്പിൾ വാലറ്റ് എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ തീരുമാനം ക്രിപ്‌റ്റോ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ വെബ്‌3 വാലറ്റ് സേവനങ്ങൾക്ക് ടാപ്പ്-ടു-പേ പ്രവർത്തനക്ഷമത നൽകുന്നതിന് പുതിയ തീരുമാനം വഴിയൊരുക്കിയേക്കും. ആപ്പിളിന്‍റെ എൻഎഫ്‌സി പേയ്‌മെന്‍റ് സാങ്കേതികവിദ്യയ്‌ക്ക് പിന്തുണ നല്‍കാന്‍ സർക്കിൾ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയർ വാലറ്റ് ഡെവലപ്പർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

എക്സിലെ പോസ്റ്റിൽ പറയുന്നതനുസരിച്ച് ആപ്പിൾ തേർഡ് പാർട്ടി ഡെവലപ്പർമാർക്ക് എൻഎഫ്സി ഫീച്ചറിലേക്കുള്ള ആക്‌സസ് വിപുലീകരിക്കുന്നതോടെ വെബ്‌3 വാലറ്റിലും ക്രിപ്‌റ്റോ വാലറ്റ് ആപ്പുകളിലും ടാപ്പ്-ടു-പേ ഇടപാടുകളെ പിന്തുണയ്ക്കാൻ അവരെ പ്രാപ്‌തരാക്കുമെന്ന് അലയർ പറഞ്ഞു.

യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന യുഎസ്ഡിസി സ്റ്റേബിൾകോയിൻ നൽകുന്ന സ്ഥാപനമാണ് സർക്കിൾ. ഐഫോണുകളില്‍ യുഎസ്ഡിസി ഉപയോഗിച്ച് പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ വരുമെന്ന് അലയർ ട്വീറ്റ് ചെയ്തു. ഇതിനോട് നിരവധി പേര്‍ എക്‌സില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഐഫോണിലെ ക്രിപ്‌റ്റോ അധിഷ്‌ഠിത പേയ്‌മെൻറുകള്‍ക്ക് ഇത് ഊര്‍ജം പകരുമെന്നാണ് നിരവധി പേരുടെ പ്രതികരണം. ഐഫോണ്‍ എന്‍എഫ്സി സംവിധാനത്തിലേക്ക് തേഡ്‌പാര്‍ട്ടി ഡെവലപ്പര്‍മാര്‍ക്ക് ആക്സസ് നല്‍കുന്നത് വിപ്ലവകരമായ തീരുമാനമാകും എന്നാണ് ലിങ്ക്‌ഡ്ഇനില്‍ ക്രിപ്റ്റോസ് കണ്‍സള്‍ട്ടന്‍സി സിഇഒ അലി ജമാലിന്‍റെ പ്രതികരണം. 

Read more: പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി; അതും യുഎസ് വിസ സ്റ്റാംപ് ചെയ്തത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം