ആപ്പിള്‍ തലവന്‍ ടിംകുക്ക് അടുത്ത വാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് റിപ്പോര്‍ട്ട്. തന്‍റെ ഏഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് സിലിക്കണ്‍ വാലിയിലെ ഏറ്റവും വലിയ ടെക് കമ്പനി തലവന്‍ ഇന്ത്യയില്‍ എത്തുന്നത്. ഐഫോണ്‍ വില്‍പ്പനയില്‍ വന്ന ഇടിവ് ആപ്പിളിന്‍റെ ലാഭത്തില്‍ കുറവ് വരുത്തിയതിന് പിന്നാലെയാണ് ടിം കുക്കിന്‍റെ ഏഷ്യാ സന്ദര്‍ശനം എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ചൈനയിലെ സന്ദര്‍ശനത്തിന് ശേഷമാണ് ടിം ഇന്ത്യയില്‍ എത്തുക. ഐഫോണ്‍ വില്‍പ്പനയില്‍ ചൈനയില്‍ വന്ന ഇടിവാണ് ആപ്പിളിന്‍റെ ലാഭത്തെ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ പരിഹാരങ്ങള്‍ കാണുവാന്‍ കൂടിയാണ് ടിമ്മിന്‍റെ ചൈനീസ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്. 

ആപ്പിളിന്‍റെ തലവനായ ശേഷം ആദ്യമായാണ് ടിം കുക്ക് ഇന്ത്യയില്‍ എത്തുന്നത്. അതേ സമയം രണ്ടാം തരം ഐഫോണുകള്‍ ഇന്ത്യയില്‍ ഇറക്കാനുള്ള പദ്ധതി വീണ്ടും അധികൃതരുമായി സംസാരിക്കാനാണ് ടിം ഇന്ത്യയില്‍ എത്തുന്നത് എന്നും സംസാരമുണ്ട്. അതേ സമയം ആപ്പിളിന്‍റെ പുതിയ ഉത്പാദന കേന്ദ്രം ഇന്ത്യയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ടിം മോദിയുമായി ചര്‍ച്ച നടത്തും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സിലിക്കണ്‍ വാലി സന്ദര്‍ശിച്ചപ്പോള്‍ നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയ ആപ്പിള്‍ മേധാവി, മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിന് പിന്തുണ വാഗ്ദാനം ചെയ്തായിരുന്നു.