കമ്പനി ജീവനക്കാരനായ ഏതൻ ലിപ്‌നിക്കിന് ആപ്പിള്‍ നല്‍കിയ ഫോണായിരുന്നു ഇത്. അതില്‍ നിന്ന് Michael Ramacciotti വഴി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ജോണ്‍ പ്രോസ്സര്‍ വീഡിയോ ചെയ്യുകയുമായിരുന്നു എന്നാണ് ആരോപണം.

കാലിഫോര്‍ണിയ: റിലീസ് ചെയ്യാത്ത ഐഒഎസ് 26 അപ്‌ഡേറ്റിന്‍റെ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി ആപ്പിള്‍ കമ്പനി. പ്രമുഖ യൂട്യൂബറായ Jon Prosser-ന് എതിരെയാണ് ആപ്പിള്‍ കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്‌ട് ഫെഡറല്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. പ്രോസ്സറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് Michael Ramacciotti എന്നയാള്‍ക്കെതിരെയും ആപ്പിള്‍ പരാതി നല്‍കിയിട്ടുണ്ട്.

ആപ്പിള്‍ പരാതിയില്‍ പറയുന്നത് എന്തൊക്കെ?

ആപ്പിള്‍ ജീവനക്കാരനായ ഏതൻ ലിപ്‌നിക്ക് എന്നയാളുടെ ഡവലപ്‌മെന്‍റ് ഐഫോണില്‍ നിന്ന് അദേഹത്തിന്‍റെ സുഹൃത്തായ Michael Ramacciotti ഐഒഎസ് 26-ന്‍റെ വിവരങ്ങള്‍ ആദ്യം ചോര്‍ത്തി. Ramacciott ഈ വിവരങ്ങള്‍ യൂട്യൂബറായ ജോണ്‍ പ്രോസ്സറിന് ഫേസ്‌ടൈം കോള്‍ വഴി കാണിച്ചുനല്‍കുകയും, പ്രോസ്സര്‍ അത് റെക്കോര്‍ഡ് ചെയ്ത് ഉപയോഗിച്ച് 'ഫ്രണ്ട് പേജ് ടെക്‌' എന്ന യൂട്യൂബ് അക്കൗണ്ടില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു എന്നാണ് ആപ്പിളിന്‍റെ പരാതി. ഐഒഎസ് 26 അപ്‌ഡേറ്റിനെ കുറിച്ച് പ്രോസ്സര്‍ ജനുവരിയിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടത്. പിന്നാലെ ഐഒഎസ് 26-ന്‍റെ പുതിയ ലിക്വിഡ് ഗ്ലാസ് ഇന്‍റര്‍ഫേസ് ഡിസൈന്‍റെ ആദ്യ ദൃശ്യങ്ങള്‍ ഏപ്രിലില്‍ പ്രോസ്സര്‍ ലീക്ക് ചെയ്യുകയും ചെയ്തു. കമ്പനിയുടെ ട്രേഡ്-മാര്‍ക്ക് വിവരങ്ങള്‍ പുറത്തുവിട്ടതിന് നഷ്‌ടപരിഹാരം വേണമെന്നും, കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രോസ്സറിനെ വിലക്കണമെന്നും പരാതിയില്‍ ആപ്പിള്‍ അധികൃതര്‍ ആവശ്യപ്പെടുന്നു.

ആരാണ് ജോണ്‍ പ്രോസ്സര്‍?

യൂട്യൂബില്‍ ഫ്രണ്ട് പേജ് ടെക് എന്ന ചാനലിന്‍റെ ക്രിയേറ്ററാണ് ജോണ്‍ പ്രോസ്സര്‍. വരാനിരിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങളെ കുറിച്ചുള്ള ലീക്കുകള്‍ ഈ യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ ജോണ്‍ പ്രോസ്സര്‍ പുറത്തുവിടുന്നത് പതിവാണ്. ഇത്തരത്തില്‍ ലീക്ക് ചെയ്ത വിവരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഐഒഎസ് 26 ലിക്വിഡ് ഇന്‍റര്‍ഫേസിനെ കുറിച്ചുള്ള വീഡിയോ.

കമ്പനി ആവശ്യങ്ങള്‍ക്കായി നല്‍കിയ ഐഫോണിലെ വിവരങ്ങള്‍ നഷ്‌ടപ്പെട്ടതിന് ഏതൻ ലിപ്‌നിക്കിനെ ആപ്പിള്‍ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഡവലപ്‌മെന്‍റ് ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല എന്ന് കാണിച്ചാണ് പിരിച്ചുവിടല്‍. രഹസ്യ വിവരങ്ങള്‍ നഷ്‌ടപ്പെടുത്തിയതിന് ലിപ്‌നിക്കിനോട് നഷ്‌ട പരിഹാരം ആവശ്യപ്പെടുകയും ആപ്പിള്‍ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ഐഒഎസ് 26ന് പുറമെ ആപ്പിള്‍ കമ്പനിയുടെ മറ്റ് ഉള്ളറ വിവരങ്ങളും ഈ ഡവലപ്‌മെന്‍റ് ഐഫോണിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News