ദില്ലി: ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ നടത്താന്‍ ആപ്പിളിന് നികുതിയിളവ്. നികുതിയിളവ് നല്‍കണമെന്ന ആപ്പിളിന്റെ ആവശ്യം ഇന്ത്യ ഭാഗികമായി അംഗീകരിച്ചു. ഇന്ത്യയില്‍ നിര്‍മിക്കാനാവാത്ത ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതിയിളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആപ്പിളിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അളവ് ഘട്ടം ഘട്ടമായി കൂട്ടണമെന്ന നിബന്ധനയോടെയാണ് ഇളവ് നല്‍കുന്നത്.
ബെംഗളൂരുവില്‍ കഴിഞ്ഞയാഴ്ച ആപ്പിള്‍ എസ്ഇ ഫോണ്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 15 വര്‍ഷം നികുതി ഒഴിവ് ഇറക്കുമതി ചെയ്യുന്ന എല്ലാ ഘടകങ്ങള്‍ക്കും വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഘടകങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി കൂട്ടാമെന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കമ്പനി ഇത് അംഗീകരിച്ചു. മൂന്നു വര്‍ഷം, അഞ്ച് വര്‍ഷം, ഏഴ് വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെയാണ് ഘട്ടങ്ങള്‍.
