ബാംഗലൂരു: ഏപ്രില്‍ 2017 മുതല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആപ്പിള്‍ വിതരണക്കാരായ വിന്‍സ്റ്റട്രോന്‍ ഒരു അസംബ്ലി യൂണിറ്റാണ് ബാംഗലൂരുവിന് സമീപം പീനിയയിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്. ഐഫോണ്‍ നിര്‍മ്മാണമാണ് ഇവിടെ ആദ്യം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

2017 ല്‍ തന്നെ ഇന്ത്യയില്‍‌ എക്സ്ക്യൂസിവായി ആപ്പിള്‍ പ്രോഡക്ട് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ ആപ്പിള്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളതായി നേരത്തെ തന്നെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വിന്‍സ്റ്റട്രോന്‍ ബാംഗലൂരുവില്‍ തുടങ്ങുന്ന യൂണിറ്റ്.

അതിനിടയില്‍ ആപ്പിള്‍ ഫോണിന്‍റെ സപ്ലെയര്‍മാരായ ഫോക്സ്കോണ്‍ ഒരു ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് മഹാരാഷ്ട്രയില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട് എന്നാല്‍ ഇത് ഒരു ആപ്പിള്‍‌ ഐഫോണ്‍ എക്സ്ക്യൂസീവ് നിര്‍മ്മാണ യൂണിറ്റ് ആയിരിക്കില്ല. ഫോക്സ്കോണുമായി കരാറുള്ള ഷവോമി, വണ്‍പ്ലസ് ഫോണുകളും ഇവിടെ നിര്‍മ്മിക്കാന്‍ ആണ് പദ്ധതി. 

തദ്ദേശീയമായ നിര്‍മ്മാണം വഴി ഇപ്പോള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍ക്കുന്ന വിലയില്‍ 12.5 ശതമാനം വരെ കുറവ് സംഭവിച്ചേക്കാം എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതോടൊപ്പം ബാംഗലൂരുവില്‍ ആപ്പിള്‍ ഐഒഎസ് ആപ്പ് ഡിസൈന്‍ ആന്‍റ് ഡെവലപ്പ്മെന്‍റ് അക്സിലേറ്ററും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ആപ്പിള്‍ ഫോണ്‍ നിര്‍മ്മാണം തുടങ്ങിയാല്‍ രാജ്യത്തെ റീട്ടെയില്‍ രംഗത്തേക്ക് ആപ്പിള്‍ സ്റ്റോറുകളുമായി എത്താനും ആപ്പിളിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അമേരിക്കയടക്കം 6 രാജ്യങ്ങളില്‍ ആപ്പിള്‍ തങ്ങളുടെ പ്രോഡക്ടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണം നടക്കുന്നത് ചൈനയിലാണ്.