ദില്ലി: 2016ലെ രണ്ടാം പാദത്തില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ ആകെ 8 ലക്ഷം യൂണിറ്റ് മാത്രമാണ് അപ്പിള്‍ വിറ്റത് എന്നാണ് സ്റ്റാറ്റര്‍ജി അനലിസ്റ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ വിറ്റ ഐഫോണുകളുടെ എണ്ണത്തില്‍ നിന്ന് 35 ശതമാനം കുറവാണ് ഇപ്പോഴത്തെ വില്‍പ്പന എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

അതേ സമയം ആന്‍ഡ്രോയ്ഡ് ഇന്ത്യയില്‍ ആധിപത്യം തുടരുകയാണ്. അതേ സമയം വിന്‍ഡോസ് ഫോണുകള്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ 97 ശതമാനവും ആന്‍‍ഡ്രോയ്ഡ് ഫോണുകളാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

2016ലെ രണ്ടാമത്തെ പാദത്തില്‍ 29.8 ദശലക്ഷം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളാണ് വിറ്റുപോയത്. 2015 ല്‍ ഇതേ സമയം വിറ്റിരുന്നത് 23.3 ദശലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളായിരുന്നു. കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ ആധിപത്യം 90 ശതമാനം ആയിരുന്നെങ്കില്‍, ഇത് ഇപ്പോള്‍ 7 ശതമാനം കൂടിയിട്ടുണ്ട്.