അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ തലവൻ ജോണ്‍ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യുഎസ് ഉപരോധം മൂലം ക്യൂബ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച.  

ഹവാന : അന്താരാഷ്ട്ര തലത്തിൽ തന്നെ ഞെട്ടിക്കുന്ന നീക്കവുമായി അമേരിക്കയും ക്യൂബയും. അമേരിക്കൻ ചാര സംഘടനയായ സി ഐ എയുടെ തലവൻ ജോണ്‍ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ക്യൂബയ്ക്ക് മേൽ അമേരിക്ക കൂടുതൽ പിടിമുറുക്കിയേക്കുമെന്നുള്ള സൂചനകൾക്കിടെയാണ് നീക്കം. അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് നിലവിൽ ക്യൂബ.

Add Asianetnews as a Preferred SourcegooglePreferred

പതിറ്റാണ്ടുകളായി ശത്രുതയിലായിരുന്ന അമേകിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പായാണ് നീക്കം വിലയിരുത്തപ്പെടുന്നത്. ക്യൂബൻ രഹസ്യാന്വേഷണ മേധാവി റാമോൺ റൊമേറോ കുർബെലോയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും റാറ്റ്‌ക്ലിഫ് കൂടിക്കാഴ്ച നടത്തി. യു എസ് ഉപരോധത്തെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും പക്കലുള്ള ഇന്ധനം പൂർണ്ണമായും തീർന്നെന്നും കഴിഞ്ഞ ദിവസം ക്യൂബൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ രഹസ്യാനേഷണ സംഘത്തിന്റെ മേധാവിയുടെ സുപ്രധാന സന്ദർശനം.

അമേരിക്ക ഏർപ്പെടുത്തിയ ഇന്ധന ഉപരോധം കാരണം ദ്വീപ് രാഷ്ട്രം കടുത്ത വൈദ്യുതി തടസ്സവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ക്യൂബയുടെ ദീർഘകാല സഖ്യകക്ഷിയായ റഷ്യയിൽ നിന്നുള്ള ഒരു കപ്പൽ മാത്രമാണ് നിലവിൽ ഇന്ധനവുമായെത്തിയത്.

അതേസമയം, ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം സജീവമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 94 വയസ്സുള്ള റൗൾ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതകളും യുഎസ് പരിഗണിക്കുന്നുവെന്ന് വിവരങ്ങളുണ്ട്.

നിലവിലെ സംഘർഷ ഭരിതമായ സാഹചര്യം ലഘൂകരിക്കാനും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കാനുമാണ് സി ഐ എ മേധാവിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യൂബൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.