ആപ്പിള്‍ സ്പെഷ്യല്‍ എഡിഷനായി അവതരിപ്പിച്ചതാണ് റെഡ് ഐഫോണുകള്‍. ഇന്ത്യയിലെ വില്‍പ്പനയ്ക്ക് എത്തില്ല എന്ന അഭ്യൂഹങ്ങള്‍ അവസാനിച്ച് ചുവപ്പന്‍ ഐഫോണ്‍ ഇന്ത്യയിലേക്ക്. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ നാലായിരം രൂപാ ഡിസ്‌കൗണ്ടോടെ ഇതിന്‍റെ വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. യൂണിറ്റുകളുടെ എണ്ണം കുറവായതിനാല്‍ കുറ‍ഞ്ഞകാലത്തേക്ക് മാത്രമേ വിലകുറവ് ഓഫര്‍ ലഭിക്കൂ.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയുടെ 125 ജിബി റെഡ് പതിപ്പുകള്‍ക്ക് യഥാക്രമം 66,000 രൂപയും 78,000 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യയില്‍ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറില്‍ ഡിവൈസിന് അനുസരിച്ച് 8,550 രൂപ വരെ ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. 

ഡിവൈസിന് അനുസരിച്ച് 16,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് ഫ്‌ളിപ്പ്കാര്‍ട്ടിന്‍റെ എക്‌സ്‌ചേഞ്ച് ഓഫര്‍. 4,000 രൂപാ ഡിസ്‌കൗണ്ട് കൂടി ചേര്‍ത്താണിത്. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് 256 ജിബി പതിപ്പിന് യഥാക്രമം 80,000 രൂപയും 92,000 രൂപയുമാണ് വില.