എഐ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി
സാൻ ഫ്രാൻസിസ്കോ: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റി എഐ ഏറ്റെടുക്കാന്‍ ആപ്പിള്‍ ഉന്നതര്‍ അണിയറയില്‍ ചര്‍ച്ച തുടങ്ങിയതായാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് സഹസ്ഥാപകനും സിഇഒയുമായ എഐ സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി. മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് 2022-ലാണ് അരവിന്ദ് ഈ കമ്പനി സ്ഥാപിച്ചത്.
എഐ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി. ടെക് വിപണിയില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്ന പെര്‍പ്ലെക്‌സിറ്റിയെ ഏറ്റെടുക്കാന്‍ ആപ്പിള്‍ ആഭ്യന്തര ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. ആപ്പിളിന്‍റെ മെര്‍ജേര്‍സ് ആന്‍ഡ് അക്വിസിഷന്‍സ് തലവന്‍ ആഡ്രിയാന്‍ പെരീക്കയും, സര്‍വീസസ് ചീഫ് എഡ്ഡി ക്യൂവും അടങ്ങുന്നവരാണ് ചര്‍ച്ചകളില്‍ പങ്കാളികളായതെന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്‍റെ ആഭ്യന്തര സമിതിയില്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പെര്‍പ്ലെക്‌സിറ്റിയെ ഔദ്യോഗികമായി കമ്പനി അധികൃതര്‍ സമീപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ആപ്പിളോ പെര്‍പ്ലെക്‌സിറ്റി എഐയോ സ്ഥിരീകരിച്ചിട്ടില്ല.
14 ബില്യണ്‍ ഡോളറിന്‍റെ മൂല്യം കണക്കാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി എഐ. ഭാവി ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും സംഭവിക്കുക. 2014ല്‍ ബീറ്റ്‌സിനെ മൂന്ന് ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്പ് ആപ്പിളിന്‍റെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. പെര്‍പ്ലെക്‌സിറ്റിയെ ഏറ്റെടുക്കുന്നത് ആപ്പിളിന് എഐ അടിസ്ഥാനത്തിലുള്ള സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കാന്‍ സഹായകമാകും. മാത്രമല്ല, ഗൂഗിളുമായുള്ള 20 ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക കരാര്‍ ഒഴിവാക്കുകയും ചെയ്യാം. ഗൂഗിളിനെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ ആപ്പിളിനാകും.
എഐ അടിസ്ഥാനത്തിലുള്ള സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി എഐ. ജനറേറ്റീവ് എഐ രംഗത്ത് കുതിക്കാനുള്ള ആപ്പിളിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്താകും പെര്‍പ്ലെക്‌സിറ്റിയെ ഏറ്റെടുക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ ജനറേറ്റീവ് എഐ രംഗത്ത് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിള്‍ വളരെ പിന്നിലാണ്. ഏറ്റെടുക്കല്‍ സാധ്യമായാല്‍ പെര്‍പ്ലെക്‌സിറ്റി ആപ്പിളിന് സഫാരിയിലേക്കും സിരിയിലേക്കും ഇന്‍റഗ്രേറ്റ് ചെയ്യാനാകും. ഈ വര്‍ഷാദ്യം പെര്‍പ്ലെക്‌സിറ്റി എഐയെ ഏറ്റെടുക്കാന്‍ ഫേസ്‌ബുക്ക് ഉടമകളായ മെറ്റ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഈ മാസം സ്കെയില്‍ എഐയുടെ 49 ശതമാനം ഓഹരികള്‍ 14.3 ബില്യണ്‍ ഡോളര്‍ മുടക്കി മെറ്റ വാങ്ങിയിരുന്നു.

