സോഹോയുടെ മെസേജിംഗ്, കോളിംഗ് ആപ്പായ അറട്ടൈയില്‍ വാട്‌സ്ആപ്പില്‍ ഇത്ര കാലമായും ലഭ്യമല്ലാത്തൊരു ഫീച്ചര്‍ കാണാം. എന്താണ് വാട്‌സ്ആപ്പില്‍ നിന്ന് അറട്ടൈ ആപ്പിനെ വ്യത്യസ്‌തമാക്കുന്നതെന്ന് പരിശോധിക്കാം.
ചെന്നൈ: മെറ്റയുടെ ജനപ്രിയ ഇന്‍സ്റ്റന്‍റ്-മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് ബദലായുള്ള ഇന്ത്യന്‍ ആപ്പാണ് 'അറട്ടൈ'. ഇന്ത്യൻ ടെക് കമ്പനിയായ സോഹോയാണ് ഈ ആപ്പിന്‍റെ നിര്‍മ്മാതാക്കള്‍. വാട്‌സ്ആപ്പ് vs അറട്ടൈ ചര്‍ച്ചകള്‍ ടെക് രംഗത്ത് സജീവമാണ്. ടെക്സ്റ്റിംഗ്, കോളിംഗ്, ഫയല്‍ ഷെയറിംഗ് എന്നിങ്ങനെ ഏതാണ്ട് ഒട്ടുമിക്ക ഫീച്ചറുകളും ഇരു പ്ലാറ്റ്‌ഫോമുകളിലും സമാനമാണെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. അറട്ടൈ ആപ്പ് സൂം ഒക്കെപ്പോലെ ഒരു മീറ്റിംഗ് പ്ലാറ്റ്‌ഫോമായും ഉപയോഗിക്കാം എന്നതാണ് ഇതിലൊന്ന്. അറട്ടൈയിലെ മറ്റൊരു വ്യത്യസ്‌ത ഫീച്ചറാവട്ടേ, വാട്‌സ്ആപ്പിലേക്ക് നാളിത്രയായിട്ടും വരാത്ത ഒരു ഓപ്ഷനും.
അറട്ടൈ ആന്‍ഡ്രോയ്‌ഡ് ടിവിയിലും!
ആന്‍ഡ്രോയ്‌ഡ് ടിവിക്കായി അറട്ടൈയ്ക്ക് പ്രത്യേക ആപ്പ് ഉണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വാട്‌സ്ആപ്പിനാവട്ടേ ഇതുവരെ സ്‌മാര്‍ട്ട് ടിവികള്‍ക്കായി പ്രത്യേക ആപ്പ് ഇല്ല. പ്ലേസ്റ്റോറില്‍ നിന്ന് ഈ ആന്‍ഡ്രോയ്‌ഡ് ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്‌ഡ് ടിവിയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌താല്‍ ബിഗ് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് വീഡിയോ കോളും മറ്റ് ഫീച്ചറുകളും ഉപയോഗിക്കാം. വലിയ ടെലിവിഷന്‍ സ്‌ക്രീനില്‍ ഗ്രൂപ്പ് കോളുകള്‍ വിളിക്കുന്നത് ആകര്‍ഷമാകുമെന്നുറപ്പ്. വിന്‍ഡോയ്, മാക്ഒഎസ്, ലിനക്‌സ് എന്നിങ്ങനെ അഞ്ച് ഡിവൈസുകള്‍ വരെ മള്‍ട്ടി-ഡിവൈസ് പിന്തുണയും അറട്ടൈ വാഗ്‌ദാനം ചെയ്യുന്നു. ഈ സവിശേഷത അറട്ടൈ ആപ്പിനെ വാട്‌സ്ആപ്പിനേക്കാള്‍ വൈവിധ്യമുള്ളതാക്കുന്നു.
ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അറട്ടൈ. എന്നാല്‍ അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ കരുത്തരായ വാട്‌സ്ആപ്പിനെ അറട്ടൈ പിന്തള്ളി. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകള്‍ അറട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. കേന്ദ്രമന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് അറട്ടൈ ആപ്പിന്‍റെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്. അറട്ടൈ എന്നാല്‍ തമിഴ് ഭാഷയിൽ സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് അര്‍ഥം.
അറട്ടൈ: ലളിതമായ ഇന്‍റര്‍ഫേസ്, 2ജിയിലും പ്രവര്‍ത്തനം
കുറഞ്ഞ സ്റ്റോറേജുള്ള മൊബൈല്‍ ഫോണുകളിലും 2ജി, 3ജി പോലുള്ള വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്കുകളിലും അറട്ടൈ ആപ്പ് അനായാസം പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. വളരെ അനായാസം ഉപയോഗിക്കാവുന്ന ഇന്‍റര്‍ഫേസാണ് അറട്ടൈ ആപ്പിനുള്ളത് എന്നതും സവിശേഷതയാണ്.



