രാജ്യത്ത് ലഭ്യമായ സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമതെത്തി അറട്ടൈ തരംഗം. മെറ്റയുടെ വാട്‌സ്ആപ്പിന് ബദലായി അറിയപ്പെടുന്ന ആപ്പാണ് അറട്ടൈ.

ചെന്നൈ: ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ 'അറട്ടൈ' ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ് അറട്ടൈയുടെ നേട്ടം. അറട്ടൈ ആപ്പ്, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഒന്നാമതെത്തിയത് വലിയ നേട്ടമാണെന്നും ഇതിലേക്ക് നയിച്ച എല്ലാ യൂസര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും അറട്ടൈ അധികൃതര്‍ എക്‌സില്‍ കുറിച്ചു. അതേസമയം, അറട്ടൈയിലെ ചാറ്റുകളില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തത് പ്രശ്‌നമായി പലരും ഈ ട്വീറ്റിന് താഴെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

എന്താണ് അറട്ടൈ?

ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത അറട്ടൈ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ക്രോസ്-പ്ലാറ്റ്‌ഫോം ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പാണ്. ടെക്സ്റ്റ്, വോയ്‌സ് മെസേജിംഗ്, ഓഡിയോ, വീഡിയോ കോളുകൾ, മീഡിയ ഷെയറിംഗ്, സ്റ്റോറി പോസ്റ്റിംഗ്, ഗ്രൂപ്പ് ചാറ്റുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ അറട്ടൈ ആപ്പ് വാഗ്‌ദാനം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളിൽ ഈ ആപ്പ് പ്രവർത്തിക്കും. ഒരു അക്കൗണ്ടിലേക്ക് അഞ്ച് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്യാൻ സാധിക്കും.

വാട്‌സ്ആപ്പിന് ഭീഷണി

മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഒരു എതിരാളിയായി അറട്ടൈ ആപ്പ് അറിയപ്പെടുന്നു. എങ്കിലും, സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില ഉപയോക്താക്കൾ അറട്ടൈയുടെ ഒരു പ്രധാന പോരായ്‌മ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അറട്ടൈ ആപ്പിൽ സാധാരണ ചാറ്റ് സന്ദേശങ്ങൾക്ക് ഡിഫോൾട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (E2EE) ഇല്ല എന്ന പ്രശ്‍നമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വോയ്‌സ്, വീഡിയോ കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുമുണ്ട്. വാട്‌സ്ആപ്പും മറ്റ് ജനപ്രിയ മെസേജിംഗ് ആപ്പുകളുമായും താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാന്‍ഡേര്‍ഡ് ചാറ്റുകളില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തത് വലിയ പോരായ്‌മയാണെന്ന് പല ഉപഭോക്താക്കളും പറയുന്നു. 

Scroll to load tweet…

അതേസമയം, അറട്ടൈ യൂസര്‍മാര്‍ ചൂണ്ടിക്കാട്ടിയ ഈ പ്രശ്‍നം അംഗീകരിക്കുകയും ചാറ്റുകൾക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്‌തു സോഹോ അധികൃതര്‍. എല്ലാ ഉപയോക്തൃ ഡാറ്റയും ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നുവെന്നും സോഹോ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്