ഭൂമിയില്‍ പതിക്കാന്‍ നേരിയ സാധ്യതയുള്ള 2024 വൈആര്‍4 ഛിന്നഗ്രഹത്തെ കുറിച്ച് അപ്‌ഡേറ്റുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ

കാലിഫോര്‍ണിയ: 2032-ല്‍ ഭൂമിയില്‍ പതിക്കാന്‍ നേരിയ സാധ്യത മാത്രമെങ്കിലും വൈആര്‍4 ഛിന്നഗ്രഹത്തെ ( Asteroid 2024 YR4) കുറിച്ച് നാസ വിശദമായി പഠിക്കുന്നു. ഭൂമിയില്‍ ഇടിച്ചിറങ്ങാന്‍ 1.3 ശതമാനം മാത്രം സാധ്യതയാണ് ഈ ഛിന്നഗ്രഹത്തിന് മുമ്പ് കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സാധ്യത 2.3 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാസ അറിയിച്ചു. 

2032 ഡിസംബറില്‍ ഭൂമിയില്‍ പതിക്കാന്‍ 2.3 ശതമാനം സാധ്യതയാണ് നാസ 2024 വൈആര്‍4 ഛിന്നഗ്രഹത്തിന് ഇപ്പോള്‍ കല്‍പിക്കുന്നത്. അന്താരാഷ്ട്ര ആസ്ട്രോയ്ഡ് നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമായി ഭൂമിയിലുള്ള ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് 2024 വൈആര്‍4-നെ നാസ ഏപ്രില്‍ മാസം അവസാനം വരെ നിരീക്ഷിക്കും. ഇതിന് ശേഷം മറയുന്ന ഈ ഛിന്നഗ്രഹം പിന്നീട് 2028 ജൂണില്‍ മാത്രമേ ഭൂമിയില്‍ നിന്ന് കാണാനാകൂ എന്നാണ് നാസയുടെ അനുമാനം. 2025 മാര്‍ച്ചില്‍ നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്കോപ്പും വൈആര്‍4 ഛിന്നഗ്രഹത്തെ വിശദമായി നിരീക്ഷിക്കും. Asteroid 2024 YR4-ന്‍റെ വലിപ്പം കൃത്യമായി രേഖപ്പെടുത്തുകയാണ് ജെഡബ്ല്യൂഎസ്‌ടിയുടെ ലക്ഷ്യം. 130 മുതല്‍ 300 അടി വരെ വലിപ്പം ഛിന്നഗ്രഹത്തിനുണ്ട് എന്നാണ് നിലവിലെ അനുമാനം. 

Scroll to load tweet…

2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപാത കൃത്യമായി മനസിലാക്കാന്‍ നാസയിലെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നതോടെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതതയും വ്യക്തമാവും. ഈ ഛിന്നഗ്രഹത്തിന്‍റെ ആഘാത സാധ്യത കൂടാനും കുറയാനും തുടര്‍ പഠനങ്ങളില്‍ സാധ്യതയുണ്ട്. മുമ്പ് നാസ ചെയ്തിരുന്നത് പോലെ, ഇംപാക്ട് ഹസ്സാര്‍ഡുകളുടെ പട്ടികയില്‍ നിന്ന് 2024 വൈആര്‍4 ഛിന്നഗ്രഹത്തെ ഭാവിയില്‍ നീക്കം ചെയ്യുകയും നാസ ചെയ്തേക്കാം. എന്തായാലും നാസയുടെ സെന്‍റര്‍ ഫോര്‍ നീയര്‍-എര്‍ത്ത് ഒബ്‌ജറ്റീവ്സ് സ്റ്റഡീസ് 2024 വൈആര്‍-നെ അതിസൂക്ഷ്‌മം നിരീക്ഷിക്കാനാണ് തീരുമാനം. നാസയുടെ സെന്‍ട്രി വെബ്‌സൈറ്റ് പേജില്‍ ഈ ഛിന്നഗ്രഹത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാകും. 

ചിലിയിലെ ദൂരദര്‍ശിനിയില്‍ 2024 ഡിസംബറിലാണ് വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ടൊറീനോ ഇംപാക്ട് ഹസാര്‍ഡ് സ്‌കെയില്‍ പ്രകാരം 10ല്‍ 3 റേറ്റിംഗാണ് വൈആര്‍4 ഛിന്നഗ്രഹത്തിന് നിലവില്‍ നല്‍കിയിരിക്കുന്നത്. നാസയ്ക്ക് പുറമെ യുഎന്‍ പ്ലാനിറ്ററി ഡിഫന്‍സ് ഓര്‍ഗനൈസേഷനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2024 YR4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. 

Read more: പാഞ്ഞെത്തുന്ന ഛിന്നഗ്രഹം 2032ല്‍ ഭൂമി ഇടിച്ചുലയ്ക്കുമോ? പഠിക്കാന്‍ യുഎന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം