ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ച എഐ അധിഷ്‌ഠിത സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ വന്‍ വിജയമെന്ന് കണക്കുകള്‍. സൈബര്‍ തട്ടിപ്പ് പരാതികള്‍ കുറയ്‌ക്കാനും സാമ്പത്തിക നഷ്‌ടം വലിയ രീതിയില്‍ ഒഴിവാക്കാനും എയര്‍ടെല്ലിന്‍റെ എഐ സംവിധാനം വഴിവെച്ചു.

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ച സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ വിജയം. എയര്‍ടെല്ലിന്‍റെ ഈ എഐ അധിഷ്‌ഠിത പദ്ധതി സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്‍ററിന്‍റെ (I4C) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവ് വന്നതായി എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കി.

സ്‌പാം ഡിറ്റക്ഷന്‍ വിജയം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്‍ററിന്‍റെ (ഐ4സി) കണക്ക് പ്രകാരം എയര്‍ടെല്‍ നെറ്റുവര്‍ക്കിലെ സാമ്പത്തിക നഷ്‌ടത്തിന്‍റെ മൂല്യം 68.7 ശതമാനം കുറഞ്ഞു. കൂടാതെ, ആകെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3 % ഇടിവും രേഖപ്പെടുത്തി. എയര്‍ടെല്‍ അവതരിപ്പിച്ച സൈബര്‍ തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനത്തിന്‍റെ കാര്യക്ഷമതയേയും അത് വരിക്കാര്‍ക്ക് സുരക്ഷിതമായ നെറ്റുവര്‍ക്ക് സൃഷ്‌ടിക്കുന്നതിനേയും സാധൂകരിക്കുന്ന കണക്കുകളാണിത്.

3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്‌തു

ഫ്രോഡ്, സ്‌പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്റ്റംബറിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രധാന സൂചകങ്ങളെ, 2025 ജൂണിലേതുമായി എംഎച്ച്എ-ഐ4സി താരതമ്യപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എഐ അധിഷ്‌ഠിത നെറ്റുവര്‍ക്ക് സൊലൂഷനുകള്‍ 48.3 ബില്ല്യണ്‍ സ്‌പാം കോളുകള്‍ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്‌തുവെന്ന് ഭാരതി എയര്‍ടെല്ലിന്‍റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്‍റര്‍ പങ്കുവച്ച ഈ പഠന ഫലം കമ്പനിയെ പ്രോത്സാഹിപ്പിക്കുകയും സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ പോരാട്ടത്തെ സാധൂകരിക്കുകയും ചെയ്യുന്നുവെന്ന് ഗോപാല്‍ വിത്തല്‍ കൂട്ടിച്ചേര്‍ത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming