സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, ഡാറ്റാ സയന്‍സ് തുടങ്ങിയ കോഴ്‌സുകളില്‍ ആറ് മാസം കൊണ്ട് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ്, സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നായിരുന്നു വാഗ്‌ദാനം 

സൂറത്ത്: സൈബര്‍ സെക്യൂരിറ്റി, എഐ, ഡാറ്റാ സയന്‍സ് തുടങ്ങിയ ടെക് മേഖലകളുടെ വസന്തകാലമാണിത്. ഈ സാഹചര്യം മുതലെടുത്ത് ടെക് കോഴ്‌സുകളുടെ പേരില്‍ വമ്പന്‍ തട്ടിപ്പ് നടക്കുന്നതിന്‍റെ കഥ സൂറത്തില്‍ നിന്ന് പുറത്തുവരുന്നു. ടെക് കോഴ്‌സുകള്‍ പഠിപ്പിക്കുകയും ഇന്‍റേണ്‍ഷിപ്പ് നല്‍കുകയും ചെയ്യുമെന്ന വ്യാജേന ഒന്നര ലക്ഷം രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. സൂറത്തില്‍ 40 വിദ്യാര്‍ഥികള്‍ക്ക് ആകെ 52.27 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടമായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനവും അതിന്‍റെ സൂറത്തിലെ ഫ്രാഞ്ചൈസിയുമാണ് പണം തട്ടിയത് എന്നാണ് വിദ്യാര്‍ഥികളുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് ഗ്ലോബല്‍ എ‍ഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സൂറത്ത് അര്‍ബന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിന്‍റെ ഉടമകള്‍ക്കും മേധാവികള്‍ക്കും എതിരെയാണ് കേസ്. സൂറത്തില്‍ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, ഡാറ്റാ സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ പഠിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്ത സ്ഥാപനം 40 വിദ്യാര്‍ഥികളില്‍ നിന്ന് ആകെ 52.27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പുറമെ പരിശീലനവും ഇന്‍റേണ്‍ഷിപ്പും നല്‍കുമെന്നും സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കായി 75,000 മുതല്‍ 1.55 ലക്ഷം രൂപ വരെ ഓരോ വിദ്യാര്‍ഥികളില്‍ നിന്നും സ്ഥാപനം ഈടാക്കി. വെറും ആറ് മാസം കൊണ്ട് മാസ്റ്റേര്‍സ് കോഴ്‌സ് നേടാം എന്ന മോഹന വാഗ്‌ദാനം നല്‍കിയാണ് സ്ഥാപനം വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടിയത്.

തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞതിങ്ങനെ

ഇരുപത്തിയഞ്ച് വയസുകാരനായ ഹീര്‍സാഗര്‍ ചന്ദേരയാണ് സൂറത്ത് അര്‍ബന്‍ പൊലീസിനെ പരാതിയുമായി സമീപിച്ചത്. ഈ പരാതിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്നയാളാണ് ഹീര്‍സാഗര്‍. 2024 ഓഗസ്റ്റില്‍ സ്ഥാപനത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലെ പരസ്യം കണ്ട് ഹീര്‍സാഗര്‍ ആകൃഷ്ടനാവുകയായിരുന്നു. സൈബര്‍ സുരക്ഷയും മറ്റ് ടെക് മേഖലകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, മാസ്റ്റേര്‍സ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനം എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥാപനത്തിന്‍റെ സൂറത്ത് ബ്രാഞ്ച് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. സൂറത്തിലെത്തി സ്ഥാപന മേധാവി കെവില്‍ പട്ടേലിനെ കണ്ടപ്പോള്‍ വെറും ആറ് മാസം കൊണ്ട് ബിരുദാനന്തര ബിരുദം നല്‍കാമെന്നും 1.55 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം ട്രെയിനിംഗ്, ഇന്‍റേണ്‍ഷിപ്പ് വാഗ്‌ദാനവുമുണ്ടായിരുന്നു. ഹീര്‍സാഗര്‍ ചന്ദേര പണമടച്ച് രണ്ട് മാസത്തിനകം സൂറത്ത് ബ്രാഞ്ച് അടച്ചുപൂട്ടി. തുടര്‍ന്ന് ഫ്രാഞ്ചൈസി മേധാവിയെ സമീപിച്ചപ്പോള്‍ മുംബൈയിലെ ഹെഡ് ഓഫീസിനെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. 

താന്‍ മാത്രമല്ല, മറ്റ് 39 വിദ്യാര്‍ഥികളും ഇത്തരത്തില്‍ പണമടച്ച് പറ്റിക്കപ്പെട്ടു എന്ന് ഹീര്‍സാഗര്‍ ചന്ദേര പിന്നാലെ മനസിലാക്കുകയായിരുന്നു. തുക നല്‍കിയ ആര്‍ക്കും ട്രെയിനിംഗോ ഇന്‍റേണ്‍ഷിപ്പോ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്‍റെ മുംബൈ ഓഫീസില്‍ നിന്നും മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kollam school incident