ന്യൂയോര്‍ക്ക്: കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നത് താന്‍ നിയന്ത്രിക്കാറുണ്ടെന്ന് മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപകന് കുട്ടികള്‍ ടെക്നോളജി ഉപയോഗിക്കണം എന്നതില്‍ ഭിന്നാഭിപ്രായം ഇല്ല.
സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ സ്വന്തം മക്കള്‍ക്ക് ഒരു നിശ്ചിത പ്രായം വരെ ബില്‍ ഗേറ്റ്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് അദ്ദേഹം തന്നെ വിശദീകരിച്ചത്. എല്ലാത്തിനും ഞങ്ങളൊരു സമയം നിശ്ചയിച്ചിരുന്നു. അതിനുശേഷം സ്‌ക്രീന്‍ ടൈം അനുവദിച്ചിരുന്നില്ല. വേണ്ടുവോളം സമയം ഉറങ്ങാന്‍ അതവര്‍ക്ക് സഹായകരമായിരുന്നു.
സാങ്കേതിക വിദ്യകളെ മികച്ച രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങള്‍ എപ്പോഴും നോക്കണം. ഹോംവര്‍ക്ക്, സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കം എന്നീ കാര്യങ്ങള്‍ക്കൊപ്പം എവിടെയാണ് അത് അധികമുള്ളതെന്നും നോക്കണം. ഭക്ഷണ സമയത്ത് ഞങ്ങള്‍ ടേബിളില്‍ സെല്‍ഫോണുകള്‍ വെക്കാറില്ല.
14 വയസ്സ് വരെ ഞങ്ങള്‍ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല. മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് പറഞ്ഞ് മക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആയ ഡെയ്‌ലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ തുറന്നുപറച്ചില്‍.
