സന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ കൊലയാളി ഗെയിമായ ബ്ലൂവെയ്‌ലിനെ മെരുക്കാന്‍ ഫേസ്ബുക്ക് രംഗത്ത് ഇറങ്ങുന്നു.ഫേസ്ബുക്കിന്‍റെ സുരക്ഷവിഭാഗത്തില്‍ ആത്മഹത്യ നിര്‍മ്മാര്‍ജ്ജനം എന്നൊരു ഭാഗം കൂടി പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. 

ആത്മഹത്യാ പ്രവണതയുള്ളവരും ദുര്‍ബല ഹൃദയരുമാണ് ഇത്തരം ചലഞ്ചുകളിലേക്ക് വീഴുന്നത്. ആഗോളതലത്തില്‍ ഏറെ സ്വീകാര്യതയുള്ള ഫേസ്ബുക്കില്‍ അത്തരം മത്സരങ്ങള്‍ ഉണ്ടാവില്ലെന്ന് പറയാനാവില്ല. ആ ഒരു സാഹചര്യത്തെ തടയാനുള്ള വഴിയാണ് ഫേസ്ബുക്ക് തുടങ്ങുന്നത്. 

ആത്മഹത്യ ചെയ്യണമെന്ന് ചിന്തിക്കുന്നവരെയും അത്രത്തോളം വിഷാദം അനുഭവിക്കുന്നവരേയും അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും അത്തരം ചിന്തകളുള്ള സുഹൃത്തുക്കളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍, കൗമാരക്കാര്‍, അധ്യാപകര്‍, നിയമപാലകര്‍ എന്നിവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സേഫ്റ്റി സെന്ററില്‍ ഉണ്ട്. മുമ്പ് തന്നെ ആത്മഹത്യാ പ്രവണതയും നിരാശയും അനുഭവിച്ചിരുന്നവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. 

ഈ സാഹചര്യത്തിലാണ് ആഗോള സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക് ഒരു ആത്മഹത്യാ പ്രതിരോധ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.